തിരുവനന്തപുരം . ഗവര്‍ണറുടേത് ബോധപൂര്‍വമായ കൈവിട്ട കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് ആണ് സിപിഎം രംഗത്തെത്തിയത്. ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു. അതേസമയം, ഗവര്‍ണറുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചു.

സിപിഐയും പ്രതിപക്ഷവുമൊക്കെ ഗവര്‍ണറെ നിശിതമായി വിമര്‍ശിക്കുമ്പോഴും മൃദുസമീപനമായിരുന്നു എന്നും സിപിഎം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതിരുന്നതോടെ ആ നിലപാട് മാറ്റിയിരിക്കുന്നു. ഗവര്‍ണറുടെ നിലപാടില്‍ ദുരൂഹത ആരോപിച്ച കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.

ഗവര്‍ണറുടെ നിലപാടിനെ ശരിവെച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി.
കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്രാപിച്ചതായി കോടിയേരി ആരോപിച്ചു. ഇ.ഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമം. തോമസ് ഐസക്കിനെതിരായ നോട്ടീസില്‍ ഹൈക്കോടതി വിധി ഇഡിക്ക് തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു.