കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ലഹരിമരുന്ന് നൽകി സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്.

പോക്‌സോ കേസിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരനെതിരെ ആരോപണവുമായി മാദ്ധ്യമങ്ങളിലൂടെ പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാൻ കുട്ടിയെ പിതാവാണ് പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സഹപാഠി പീഡിപ്പിച്ചുവെന്ന് മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ പെൺകുട്ടി, പൊലീസിനോട് ഇത് പറയാൻ തയ്യാറായില്ല. തന്നെക്കൂടാതെ പതിനൊന്ന് പെൺകുട്ടികൾ കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് ഒൻപതാം ക്ലാസുകാരി ആരോപിച്ചിരുന്നു. എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.

ആരോപണം വ്യാജമാണെന്നാണ് പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ അധികൃതർ പറയുന്നത്. പരാതിയുമായി മറ്റൊരു വിദ്യാർത്ഥിയും വന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. എട്ടുമാസം മുമ്പാണ് കുടുംബം കണ്ണൂരിൽ താമസം ആരംഭിച്ചത്.

അതേസമയം, കേരളത്തിന് പുറത്തായിരുന്ന പെൺകുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയിരുന്നു. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ രണ്ട് വർഷം മുൻപ് ഇവർ ഭർത്താവിനെതിരെ മഹാരാഷ്ട്രയിലെ ഖർഗർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കേസെടുത്തിരുന്നു.