ട്രെയിനില്‍ മറന്ന് വച്ച ബാഗ് കണ്ടെത്തി ഉടമസ്ഥരെ തിരിച്ചേല്‍പ്പിച്ച് റെയിൽവേ സംരക്ഷണ സേന


ചെങ്ങന്നൂര്‍: വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയ ബാഗ് യുവതി ട്രെയിനില്‍ മറന്നു വച്ചു. റെയില്‍വേ പൊലീസ് സംഘം ബാഗ് കണ്ടെത്തി ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ വഞ്ചിനാട് എക്‌സ്പ്രസില്‍ ആഗസ്റ്റ് പത്താം തീയതിയാണ് കോട്ടയം സ്വദേശിനി ജോസ്മി വള്ളിയറ ജോര്‍ജും കുടുംബവും തിരുവനന്തപുരത്ത് നിന്ന് കയറിയത്. കോട്ടയത്ത് എത്തിയപ്പോള്‍ ബാഗ് എടുക്കാന്‍ മറന്നു. കോട്ടയം റെയില്‍വേ പൊലീസില്‍ ഇവര്‍ വിവരമറിയിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ബാഗില്‍ ഉണ്ടായിരുന്നു.

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പി വേണുവും സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ഗിരികുമാറും ട്രെയിനില്‍ ആളില്ലാത്ത നിലയില്‍ കണ്ടെത്തിയ ബാഗ് എടുത്ത് ചെങ്ങന്നൂര്‍ ആര്‍പിഎഫ് ഓഫീസില്‍ എത്തിച്ചു.

ദമ്പതിമാര്‍ തെളിവുകളുമായെത്തി ബാഗ് ഇവരില്‍ നിന്ന് കൈപ്പറ്റി. പ്രവാസികളായ ഇവരുടെ ഗള്‍ഫിലെയും കോട്ടയത്തെയും വീടുകളുടെയും കാറുകളുടെയും താക്കോലുകളും ആഭരണങ്ങളും പണവും അടക്കമുള്ളവയും പാസ്‌പോര്‍ട്ടുകളും അക്കാമയും അമ്മയുടെ പെന്‍ഷന്‍ ബുക്കും ചെക്ക് ബുക്കുകളും അടക്കമുള്ള ബാഗിലുണ്ടായിരുന്നു.
ബാഗ് കണ്ടെത്തി നല്‍കിയ വേണുവിനും ഗിരികുമാറിനും ഇന്ത്യൻ റെയിൽവേക്കും കുടുംബം നന്ദി അറിയിച്ചു.

Advertisement