കൊല്ലം: കുളത്തൂപ്പുഴയിൽ 15 വയസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ അയൽവാസിയായ പതിനേഴ് വയസുകാരൻ പൊലീസ് നിരീക്ഷണത്തിൽ.

കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടിൽ പ്രസവിച്ച 15 കാരിയുടെ മൊഴി കുളത്തുപ്പുഴ പൊലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകൂ.

രണ്ടുദിവസം മുൻപാണ് കുളത്തൂപ്പുഴയിലെ വീട്ടിൽ വച്ച്‌ 15 കാരി പ്രസവിച്ചത്. പിന്നീട് പെൺകുട്ടിയുടെ അമ്മ താൻ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂർ താലൂക്ക് ആശുപത്രിയെ സമീപിച്ചു. ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് പ്രസവിച്ചത് 15 കാരിയാണെന്ന് തെളിഞ്ഞത്. 15 കാരിയും കുഞ്ഞും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.