ബഫ‍ർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവിറക്കിയത്. പുതിയ ഉത്തരവനുസരിച്ച് കൃഷിയിടങ്ങളെയും പൊതുസ്ഥാപനങ്ങളെയും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കും.

തിരുവനന്തപുരം.ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കിയുള്ള 2019ലെ വിവാദ ഉത്തരവ് തിരുത്തിയാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ബഫർസോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോൾ 2019ലെ ഉത്തരവ് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

നിയമസഭയിലടക്കം പ്രതിപക്ഷം ഉയർത്തിയ വിമര്ശനങ്ങൾക്കൊപ്പം എജിയുടെ നിയമോപദേശം കൂടി ലഭിച്ച ശേഷമാണ് ജൂലൈ 27 ചേർന്ന മന്ത്രി സഭായോഗം ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. പുതിയ ഉത്തരവനുസരിച്ച് ജനവാസ കേന്ദ്രങ്ങൾക്ക് പുറമെ കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടും.


സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയെങ്കിലും സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥതിലോല മേഖല നിര്ബന്ധമെന്ന സുപ്രീംകോടതി ഉത്തരവിനാണ് നിലവിൽ പ്രാബല്യം. പുതിയ ഉത്തരവ് പുറത്തിറങ്ങിയതോടെ സർക്കാർ ഉടൻ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകിയേക്കും.