തിരുവല്ല. ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം, പിന്നാലെ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടിന് സ്ഥലം മാറ്റം. മന്ത്രിയെത്തുമ്പോൾ രണ്ട് ഒപി മാത്രമാണ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്. രജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മിക്ക മരുന്നുകളും ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലെന്ന പരാതിയുമായി രോഗികളും മന്ത്രിയുടെ അടുക്കൽ എത്തി.

ഇന്ന് രാവിലെ 11 മണിയോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയത്. മിന്നൽ പരിശോധനയ്ക്ക് മന്ത്രി എത്തിയപ്പോൾ രണ്ട് ഒ പി വിഭാഗം മാത്രമാണ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്. ഇതോടെ രജിസ്ട്രർ ബുക്ക് എടുത്ത് പരിശോധിച്ച മന്ത്രി നിരവധി ഡോക്ടർമാർ ജോലിക്ക് ഹാജരായതായി ഒപ്പിട്ടിരിക്കുന്നത് കണ്ടു. എന്നാൽ ഇവരിൽ പലരും ജോലിക്ക് എത്തിയിട്ടുമുണ്ടായിരുന്നില്ല. ഇക്കാര്യം സൂപ്രണ്ട് അജയമോഹനോട് ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല.

ഇതോടെ മന്ത്രി സൂപ്രണ്ടിനോട് ക്ഷോഭിച്ചു. ഇതിന് പിന്നാലെ ആശുപത്രി ഫാർമസിയിൽ നിന്ന് മിക്ക മരുന്നുകളും ലഭിക്കുന്നില്ലെന്ന് രോഗികൾ പരാതിയുമായി മന്ത്രിയുടെ അടുത്തെത്തി. ഇക്കാര്യത്തിലും സൂപ്രണ്ടിന് മറുപടി ഉണ്ടായില്ല. ആശുപത്രിയിലെ വിവിധ പോരായ്മകൾ പലതും പരാതിയായി എത്തിയതോടെ സൂപ്രണ്ടിനെ സ്ഥലം മാറ്റാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടോ എന്നറിയാൻ വീണ്ടും സന്ദർശനത്തിനായി എത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here