ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.10 അടിയായി. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

2288 ഘനയടി വെള്ളം പെരിയാറിലേക്ക്.ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി.

സംഭരണ ശേഷി 2382.53 അടിയിലെത്തിയതോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ നില്‍ക്കുകയാണ്. കക്കി ജലസംഭരണിയിൽ മഞ്ഞ അലർട്ടും ബാണാസുര സാഗർ അണക്കെട്ടിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായാണ് മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ ജലനിരപ്പ് നിലവില്‍ 2382.53 അടിയാണ്. ചെറുതോണി അണക്കെട്ട് തുറക്കുന്ന വിഷയം റൂള്‍ കര്‍വ്വ് കമ്മിറ്റി തീരുമാനിക്കും. ആശങ്ക വേണ്ടെന്നും പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍.

അതേ സമയം വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138. 10 അടിയാണ്. പത്തനംതിട്ട കക്കി ജലസംഭരണിയിൽ മഞ്ഞ അലർട്ടും വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകി. എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ക്യാംപുകൾ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും.

പെരിയാറിൻ്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകും. ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങൾ ഒരുക്കും. താലൂക്കുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്യാംപുകൾ ആരംഭിക്കുന്നതിന് ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ സഹായവും തേടും.