തൃശൂര്‍.ചാലക്കുടിയിൽ റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു പോയ സ്ത്രീകളിൽ ഒരാൾ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.ചാലക്കുടി വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണയാണ് മരിച്ചത്.പരിക്കേറ്റ ഫൗസിയ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നു രാവിലെ പത്തോടെയാണു സംഭവം. ചാലക്കുടി വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണയും, സുഹൃത്ത് ഫൗസിയയുമാണ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ വെള്ളക്കെട്ടില്‍ വീണത്. നാട്ടുകാർ ചേർന്ന് ഇവരുവരെയു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണ മരിക്കുകയായിരുന്നു.ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ റോഡിൽ വെള്ളം കയറിയിരുന്നു. ഈ കാരണത്താലാണ് ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ മൂവരും തീരുമാനിച്ചത്. തൊട്ടു പിന്നാലെ ട്രെയിന്‍ വരികയായിരുന്നു. വെള്ളക്കെട്ടിലെ മരക്കുറ്റിയിൽ തലയിടിച്ചാണു ദേവീകൃഷ്ണ മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ .ദേവീകൃഷ്ണയുടെ മൃതദേഹം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.