ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം: അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ മകനെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തു.
വെള്ളനാട് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ്(33), അച്ഛൻ മോഹനൻ(65) എന്നിവരെയാണ് നെയ്യാർഡാം പോലീസ് അറസ്റ്റു ചെയ്തത്.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തിൽ വെച്ച്‌ വിവാഹം ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു.നെയ്യാർഡാം ഇൻസ്‌പെക്ടർ എസ്.ബിജോയ്, എ.എസ്.ഐ. ഷാജിത്ത്, സി.പി.ഒ.മാരായ മഹേഷ്, ബിനു, മിഥിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡു ചെയ്തു.