കോഴിക്കോട്.പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിദേശത്തുള്ള പ്രധാന പ്രതികളെ നാട്ടിലെത്തിക്കണമെന്നും കുടുംബം ആവശ്യപെട്ടു. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും.

ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ, തുടങ്ങിയവരാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇവർ നേരിട്ടാണ് വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചത്. വിദേശത്തുള്ള പ്രതികളെ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നിൽ എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. കേസുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

വിദേശത്തുള്ള പ്രതികളുടെയും കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇർഷാദിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ അന്വേഷണസംഘത്തിന് വ്യക്തത വരും.