തൃശൂര്‍.കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപതുക തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും.
ബാങ്കിലെ നിക്ഷേപകയായ ഫിലോമിനയുടെ ബന്ധുക്കള്‍ക്ക് തുക തിരികെ നല്‍കിയാകും നടപടികള്‍ക്ക് തുടക്കമാവുക.
പ്രതിസന്ധിയുള്ള സഹകരണസ്ഥാപനങ്ങളെ സഹായിക്കാന്‍ സഞ്ചിത നിധി രൂപീകരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍
ഇന്നലെ വ്യക്തമാക്കിയിരുന്നു

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് തുക തിരിച്ചുനല്‍കുന്നതിനും ഇപ്പോള്‍ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി വിവിധ തരത്തിലുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ 35 കോടിരൂപ അടിയന്തിരമായി ബാങ്കിന് നല്‍കും. ബാങ്കിന്‍റെ ആസ്തികളുടെ ഈടിന്മേലാണ്
കേരള ബാങ്ക് 25 കോടി രൂപ വായ്പനല്‍കുന്നത്. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പത്ത് കോടി രൂപയും ലഭ്യമാക്കും.
ഇന്ന് മാപ്രാണത്തെ ഫിലോമിനയുടെ വീട്ടിലെത്തി മന്ത്രി ആര്‍ ബിന്ദുവാണ് നിക്ഷേപത്തുക കൈമാറുക. സഹകരണബാങ്കുകളുടെ പ്രതിസന്ധി മറികടക്കാന്‍ സഞ്ചിത നിധി രൂപീകരിക്കാനാണ് സർക്കാരിന്‍റെ തീരുമാനം.

കരുവന്നൂര്‍ ബാങ്കിന് കിട്ടാനുള്ള വായ്പാ തുക ഈടാക്കി എടുക്കുന്നതിനുള്ള നിയമനടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി നാല് സ്പെഷ്യല്‍ ഓഫീസര്‍മാരെയും ഇവിടെ നിയോഗിക്കും.