സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെയോടെ മഴ കുറയുമെങ്കിലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണമെന്നാണ് നിർദേശം.

ഇടുക്കി മുതൽ കാസർകോട് വരെയുള്ള 8 ജില്ലകളിലാണ് അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പ്.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ യെല്ലോഅലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ മുന്നറിയിപ്പുകളില്ല. തെക്ക് പടിഞ്ഞാറൻ കാറ്റുകളുടെ ശക്തി കുറയുന്നതോടെ സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരണമെന്നാണ് സർക്കാർ നിർദേശം.

മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
അതിനിടെ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി.
2018ല്‍ ഉരുള്‍പൊട്ടലുണ്ടായ പത്തനംതിട്ട സീതത്തോട് മേഖലയിൽ ഭൂമി അരക്കിലോമീറ്ററോളം വിണ്ടുകീറി.
അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

അപ്പർ കുട്ടനാട് മേഖലയിലെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷംമാണ്. കോട്ടയത്ത് അയ്മനം തിരുവാർപ്പ് കുമരകം വൈക്കം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വീടുകൾ വെള്ളത്തിലായി.കനത്ത മഴയിൽ ചെങ്ങന്നൂരിലെ പുത്തന്‍കാവിലും പിരളശ്ശേരി തുലാക്കുഴിയിലും വെള്ളം കയറി. തിരുവനന്തപുരം പൊന്മുടി പുതുക്കാട് എസ്റ്റേറ്റിന് സമീപം മണ്ണിടിഞ്ഞ്
ഗതാഗതം പൂർണമായും തടസ്സപ്പെട്ടു, മേഖലയിലെ ലയങ്ങൾ ഒറ്റപ്പെട്ടു. മലയോരമേഖലയിൽ അതിതീവ്ര ജാഗ്രത നിർദേശം നിലനിൽക്കുകയാണ്.