ട്രെയിൻ വഴിയുള്ള തപാൽ നീക്കം ഘട്ടംഘട്ടമായി നിർത്തുന്നു

തിരുവനന്തപുരം : ട്രെയിനുകൾ വഴിയുള്ള തപാൽ ഉരുപ്പടികളുടെ നീക്കം നിർത്തുന്നതിന്റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂർ എക്സ്പ്രസിൽ ഇത്തരം സാമഗ്രികൾ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി.

തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് എന്നിവയിലെ ബോഗികൾ ഉടനെ നിർത്തലാക്കും. കൊല്ലം- ചെന്നൈ എക്സ്പ്രസിലെ ബോഗി നേരത്തേ ഉപേക്ഷിച്ചിരുന്നു.

നേത്രാവതി, വേണാട് എക്സ്പ്രസുകളിൽ‍ ബോഗിക്കു പകരം സീറ്റുകൾ ബുക്ക് ചെയ്ത് തപാൽ കൊണ്ടുപോകുന്ന സംവിധാനം കുറച്ചുകാലത്തേക്കു കൂടി തുടരും. യാത്രക്കാർ കയറുന്ന കോച്ചുകളിൽ പ്രത്യേകം വേർതിരിച്ചായിരിക്കും തപാൽ കൊണ്ടുപോവുക. ബോഗികൾ ബുക്കു ചെയ്യുന്നത് ഭീമമായ നഷ്ടത്തിനിടയാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് നൽകിയാണ് തപാൽ വകുപ്പ് ട്രെയിനുകളിൽ സാമഗ്രികൾ കൊണ്ടുപോകുന്നത്. നഷ്ടം ഒഴിവാക്കുന്നതിനായി ‘റോഡ് നെറ്റ്‌വർക്’ എന്ന പുതിയ സംവിധാനം വ്യാപകമാക്കാനാണ് കേന്ദ്ര നിർദേശം. സ്വകാര്യ കാർഗോ ലോറികൾ കരാർ അടിസ്ഥാനത്തിൽ എടുത്ത് കോവിഡ് കാലത്തു തന്നെ തപാൽനീക്കം നടത്തിയിരുന്നു.

തപാൽ വകുപ്പിന്റെ മെയിൽ മോട്ടർ സിസ്റ്റവും (എംഎംഎസ്) ഊർജിതമാക്കാൻ നിർദേശമുണ്ട്. ഇതിനായി കേരളത്തിൽ നൂറോളം വാനുകൾ ഓടുന്നുണ്ടെങ്കിലും വേഗം പോരെന്നാണ് വിലയിരുത്തൽ. 15-16 മണിക്കൂർ കൊണ്ട് ട്രെയിൻ എത്തിച്ചേരുന്ന ദൂരം വാനുകൾ ഓടിയെത്താൻ ഇരട്ടിയോളം സമയമെടുക്കുന്നു. ട്രെയിനിൽ 500-600 ബാഗുകൾ വരെ കൊണ്ടുപോകാനാകുമ്പോൾ വാനിൽ 100-120 ബാഗുകൾ മാത്രമാണ് കയറ്റുന്നത്. റോഡ് യാത്രയ്ക്ക് ഇന്ധനച്ചെലവും ഏറും.

കത്തുകൾ ട്രെയിനിനകത്തു തന്നെ തരംതിരിച്ച്‌ മേൽ വിലാസക്കാർക്ക് പെട്ടെന്ന് എത്തിക്കുന്ന സോർട്ടിങ് സംവിധാനം തപാൽ വകുപ്പ് നിർത്തലാക്കിയിരുന്നു. റെയിൽവേയെ അകറ്റുന്നതിലൂടെ നിലവിലെ 22 ആർഎംഎസുകളുടെ എണ്ണം എട്ടായി ചുരുങ്ങും. തിരുവനന്തപുരം, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവ മാത്രം നിലനിർത്താനാണ് തീരുമാനം.

Advertisement