അടൂര്‍.മാസങ്ങളായി അടൂരില്‍ നടക്കുന്ന വാഹനം കത്തിക്കല്‍ പരമ്പരയിലെ പ്രതിയെ കിട്ടി. പൊലീസിനെ വട്ടം ചുറ്റിച്ച് വിലസിയ പ്രതിയെ അസാദാരണമായ അന്വേഷണ മികവിലാണ് കുടുക്കാനായത്..
അടൂര്‍, അമ്മകണ്ടകര കലാഭവനില്‍, ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ തീപിടിത്ത സംഭവങ്ങളില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ചേന്നം പള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് രണ്ടു ദിവസം മുന്‍പ് പുലര്‍ച്ചെ തീ പിടിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. എങ്കിലും ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. മാസങ്ങളായി നടക്കുന്ന തീവയ്ക്കല്‍ കേസുകള്‍ പോലെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബുധനാഴ്ച പുലര്‍ച്ചെ അതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു. തുടര്‍ച്ചയായ തീപിടിത്ത സംഭവങ്ങളില്‍ സംശയം തോന്നിയ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ മുന്‍ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ ആണ് പിടിവള്ളിയായത്. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംഭവത്തിന് മുന്‍പും, ശേഷവും പ്രതികള്‍ വാഹനം എങ്ങോട്ടെങ്കിലും പോയതായി കാണപ്പെടാത്തതിനാല്‍ നാട്ടുകാരന്‍ തന്നെ ആകാം പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തമായ സൂചന ലഭിക്കുകയും, പ്രതിയെ പിടികൂടുകയുമായിരുന്നു.
അങ്ങനെയാണ് ആളില്ലാതെ കിടക്കുന്ന വാഹനങ്ങള്‍ രാത്രിയും പകലും കത്തിച്ചു രസിക്കുന്ന യുവാവിലേക്ക് എത്തിയത്.
ശ്രീജിത്തിനെ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നഗരത്തെ നടുക്കിയ കത്തിക്കല്‍ പരമ്ബരയുടെ ചുരുളഴിഞ്ഞു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു രഘുനാഥന്‍ നായരെയും പോലീസ് ചോദ്യം ചെയ്ത് കൃത്യത്തിലെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങള്‍ക്കു മുന്‍പ് അടൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുന്‍വശത്തുള്ള പഴയ ടൗണ്‍ ഹാളിന്റെ സമീപം കിടന്ന കാര്‍ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കല്‍ പരമ്ബരയുടെ തുടക്കം. തുടര്‍ന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലന്‍സ്, ടിപ്പര്‍ എന്നിവ കത്തിനശിച്ചു. സംഭവങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ഇത് ആരെങ്കിലും ചെയ്തതാണെന്ന സംശയം ഉണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് നഗരസഭയെ കൊണ്ട് സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കുകയും, പോലീസ് തന്നെ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുകയും, രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. കുറച്ചുനാള്‍ മുന്‍പ് സെന്റ് മേരിസ് സ്‌കൂളിന് രണ്ട് വട്ടം തീയിട്ട സംഭവം ഉണ്ടായെങ്കിലും അതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ മുമ്പാണ് ചേന്നം പള്ളിയില്‍ തന്നെ ഒരു ഹിറ്റാച്ചി കത്തിയത്. സ്വാഭാവികമായി സംഭവിച്ചതാകാം എന്ന് കരുതി ഉടമസ്ഥന്‍ പോലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ടിപ്പര്‍ കത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുകയായിരുന്നു.

ഓട്ടോ കത്തിച്ച സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ആണ് പ്രതിയുടെ മനസിലിരിപ്പ് പുറത്തായത്. അതൊരു രസമാണ്. നന്നായി കിടക്കുന്ന വാഹനങ്ങള്‍ കത്തിപ്പടരുന്നത് കാണുക. വിരട്ടിയപ്പോല്‍ പ്രതി മറ്റ് പത്തോളം കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.അടൂര്‍ ഡി.വൈ.എസ്പി. ആര്‍ ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ടി ഡി നേതൃത്വത്തില്‍ എസ് ഐ മാരായ വിപിന്‍ കുമാര്‍ ധന്യ.കെ.എസ്സ്, സുദര്‍ശന.എസ്സ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്.ആര്‍.കുറുപ്,അനുരാഗ് മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here