കൊച്ചി.നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്കെതിരെ അതിജീവിത.
ജഡ്ജി ഹണി വർഗ്ഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത പറയുന്നു. സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിത കത്തിൽ പറയുന്നു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി വർഗ്ഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ ചുമതല നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് ഹണി വർഗ്ഗീസിനെ മാറ്റി. ഇതോടെ സിബിഐ കോടതിയിലുള്ള നടിയെ ആക്രമിച്ച കേസ് പരിഗണിയ്ക്കാൻ സാങ്കേതികമായ ഹണി വർഗ്ഗീസിന് സാധിക്കില്ല. എന്നാൽ സിബിഐ കോടതിയിൽ നിന്ന് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസ് സിബിഐ കോടതിയിൽ തുടരട്ടെയെന്നും വനിത ജഡ്ജി തന്നെ പരിഗണിക്കണമെന്നില്ലെന്നും അതിജീവിത പറയുന്നു.ജഡ്ജി ഹണി വർഗ്ഗീസ് കേസിൽ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.പക്ഷപാതപരമായ നിലപാടാണ് ഹണി വർഗ്ഗീസിന്റെതെന്നാണ് ആരോപണം.അതിജീവിതയുടെ ആവശ്യപ്രകാരമാണ് നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108 ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്. അനുബന്ധ കുറ്റപത്രത്തിലും വിചാരണ തുടങ്ങിയിട്ടില്ല.ഹൈക്കോടതി രജിസ്ട്രാർക്കാണ് അതിജീവിത പരാതി നൽകിയത്.