പത്തനംതിട്ട. നരന്‍ സിനിമയില്‍ മോഹന്‍ലാല്‍ ചെയ്തപോലെ കൂലംകുത്തിയൊഴുകുന്ന ആറില്‍ തടി പിടിച്ചെടുക്കാന്‍ സാഹസം കാട്ടിയവരെ പിടികൂടി. സീതത്തോട് മലവെള്ളപാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു.
കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്‌, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമപ്രകാരമാണ് കേസ് എടുത്തത്.

തിങ്കളാഴ്ച്ചയാണ് കക്കാട്ടാറിലെ കുത്തി ഒഴുകുന്ന വെള്ളത്തിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്. കോട്ടമൺ പാറ ഗ്രൗണ്ടിന് സമീപത്ത ഒന്നര കിലോ മീറ്ററാണ് ഇവർ നീന്തിയത്. ഒഴുകി വന്ന മരത്തിന്റെ മുകളിൽ നീന്തി കയറുന്ന വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപകകരമായ വിധം ജലനിരപ്പ് ഉയർന്ന നദിയിൽ യുവാക്കളുടെ അഭ്യാസ പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായി. ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ജില്ലാ ദുരന്ത നിവരണ വിഭാഗം മൂഴിയാർ പോലീസിന്റെ ശ്രദ്ധയിൽ വിഷയം ഉന്നയിച്ചു. ഇതോടെയാണ് കോട്ടമൺ പാറ സ്വദേശികളായ രാഹുൽ , നിഖിൽ, വിപിൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് യുവാക്കൾക്കെതിരെ ചുമത്തിയത്. അപകടം ഉണ്ടാകുമെന്നറിഞ്ഞിട്ടും, ബോധ പൂർവ്വം അപകടം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. ജില്ലയിൽ നദീ തീരങ്ങളിൽ വെള്ളം ഉയരുമ്പോഴും, മണ്ണിടിച്ചിൽ ഉണ്ടാകുമ്പോഴും പ്രദേശത്ത് ടൂറിസ്റ്റുകളായി എത്തുന്ന എല്ലാവർക്കുമെതിരെ സമാന വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ജില്ലാ ഭരണ കൂടം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here