courtesy. troll kerala

2022 ആഗസ്റ്റ് 04 വ്യാഴം

BREAKING NEWS

👉 സംസ്ഥാനത്ത്12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.

👉 അഞ്ചൽ, വെള്ളരിക്കുണ്ട് താലൂക്ക് കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

👉 ആളിയാർ ഡാം തുറന്നു. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

👉 എറണാകുളത്ത് അവധി പ്രഖ്യാപിക്കാൻ വൈകിയതിൽ കളക്ടർക്ക് വിമർശനം.രാവിലെ 8.25 ന് ആണ് അവധി പ്രഖ്യാപിച്ചത്.

കേരളീയം

🙏നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

🙏മഴ തുടരും. കേരളത്തിനു മുകളില്‍ അന്തരീക്ഷ ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും കേരളത്തില്‍ തിങ്കളാഴ്ചവരെ മഴ തുടരും.

🙏ആളിയാര്‍ ഡാമില്‍നിന്നു വെള്ളം കൊണ്ടുപോകുന്നതിനുള്ള തമിഴ്നാടിന്റെ ഒട്ടന്‍ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചിറ്റൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ചിറ്റൂര്‍ നിയമസഭ മണ്ഡലത്തിലും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.

🙏മഴക്കെടുതികളില്‍ ഇന്നലെ ഏഴുപേര്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയി. തൃശൂര്‍ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) മരിച്ചു.

🙏ചേറ്റുവയില്‍ ശക്തമായ തിരമാലയില്‍ ബോട്ടു മറിഞ്ഞ് കടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി അവയുമായി വരികയായിരുന്ന വള്ളം വീണ്ടും തിരമാലകളില്‍ കുടുങ്ങി മൃതദേഹങ്ങള്‍ വീണ്ടും ഒഴുകിപോയി. തൃശൂര്‍ ചാവക്കാട് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഇവിടേക്ക് ബോട്ടിലെത്തിയവര്‍ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഇതോടെ കോസ്റ്റ് ഗാര്‍ഡ് സംഘം വീണ്ടും തിരച്ചില്‍ തുടങ്ങി.

🙏പ്ലസ് വണ്‍ പ്രവേശനം നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശനം. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടത്തും. പ്ലസ് വണ്‍ ക്ലാസുകള്‍ 25 ന് ആരംഭിക്കും.

🙏സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പദ്ധതിക്ക് 142 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇനി പ്രിന്‍സിപ്പാളിന്റെ കീഴിലാകും.

courtesy,troll kerala,fb

🙏സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് നടക്കും. ശാസ്ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടത്തും. സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബറില്‍ തിരുവനന്തപുരത്തായിരിക്കും.

🙏കിഫ്ബി ഇടപാടില്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 11 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ആദ്യ നോട്ടീസനുസരിച്ചു ഹാജരാകാന്‍ തോമസ് ഐസക് തയാറായിരുന്നില്ല. കിഫ്ബി സിഇഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരെത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

🙏സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് കെപിസിസി. ഈ മാസം 13 നു നടക്കുന്ന ലോക് അദാലത്തില്‍ പിഴയടച്ച് കേസുകള്‍ അവസാനിപ്പിക്കും.

🙏സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യ കിറ്റുകള്‍ വിതരണത്തിനു റേഷന്‍ വ്യാപാരികള്‍ക്കു കമ്മിഷന്‍ കുടിശിക നല്‍കും. കഴിഞ്ഞ വര്‍ഷം മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റിന് അഞ്ചു രൂപ നിരക്കില്‍ നാലേകാല്‍ കോടി രൂപ അനുവദിക്കും.

🙏മഴക്കെടുതിയില്‍
പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം. അപകടാവസ്ഥ ഇല്ലെങ്കില്‍ ടൂറിസ്റ്റു കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏വകുപ്പുമന്ത്രിയായ തന്നോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയില്‍ നിയമിച്ചതിനെതിരേ മന്ത്രിസഭാ യോഗത്തിലും പരാതിയുമായി മന്ത്രി ജി.ആര്‍ അനില്‍. മന്ത്രി പരാതിക്കത്ത് തനിക്കുതന്ന വിവരം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കേണ്ടതുണ്ടായിരുന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ ആ വിഷയത്തിലെ ചര്‍ച്ച അവസാനിച്ചു.

🙏പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍നിന്ന് കേരളത്തിനു ലഭിക്കേണ്ട അധിക ജലം തമിഴ്നാട് മറ്റു പദ്ധതികളുടെ പേരില്‍ ചോര്‍ത്തുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.

🙏കുട്ടികളെ ഫേസ്ബുക്കിലൂടെ കൈയിലെടുത്ത് ആലപ്പുഴ കളക്ടറായി ചുമതലയേറ്റ വി.ആര്‍ കൃഷ്ണ തേജ. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. അവധിയെന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം.

🙏കോട്ടയത്ത് ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്നു ദക്ഷിണ മേഖല ഐജി കണ്ടെത്തിയ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കാണ് മാറ്റിയത്. കുഴല്‍പ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്നാണു റിപ്പോര്‍ട്ട്.

courtesy. kidilan trolls, fb

🙏കോഴിക്കോട് കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ മാറ്റിപ്പണിയാന്‍ എട്ടു കോടി രൂപ അനുവദിച്ചു. അശാസ്ത്രീയമായി നിര്‍മിച്ചതുമൂലം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ചെന്നൈ ഐഐടി യുടെ മേല്‍നോട്ടത്തോടെ പുലിമുട്ട് നിര്‍മ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവനുസരിച്ചാണു നടപടി.

🙏വിശ്വഹിന്ദു പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ സുഭാഷ് ചന്ദ് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനവും രാജിവച്ചു. സിപിഎമ്മിന്റെ ഭാഗമാകുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുളളതിനാലാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.

🙏മൂവാറ്റുപുഴ പാലം അപ്രോച്ച് റോഡിലെ ഗര്‍ത്തത്തില്‍ മെറ്റലും കോണ്‍ക്രീറ്റുമിട്ട് മൂടി. ഇതുവഴിയുള്ള ഗതാഗതം രാത്രിയോടെ പുനസ്ഥാപിച്ചു.

🙏മഴയും കാറ്റും മൂലം കെഎസ്ഇബി ക്ക് 7.43 കോടി രൂപയുടെ നാശനഷ്ടം. 1,062 വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴില്‍ വൈദ്യുതി വിതരണം തടസ്സപെട്ടു. രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. 13 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി.

🙏കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലടയിടത്തും റോഡ് തകര്‍ന്നതിനാലാണ് ഗതാഗത നിരോധനം.

🙏കോട്ടയം ജില്ലയില്‍ മലയോര മേഖലകളിലെ തടയണകള്‍ പൊളിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഉരുള്‍ പൊട്ടല്‍ ഭീഷണി ഒഴിവാക്കാനാണു തടയണകള്‍ പൊളിച്ചുമാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.

🙏പട്ടാമ്പി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ക്വാറിക്ക് സമീപത്തുനിന്ന് എണ്ണായിരം ജലാറ്റീന്‍ സ്റ്റിക്കുകളാണു കണ്ടെത്തിയത്. നാല്‍പതോളം പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

🙏മലപ്പുറത്ത് വില്ലേജ് ഓഫീസര്‍ ജീവനൊടുക്കി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ ആലപ്പുഴ സ്വദേശി വിപിന്‍ ദാസിനാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചത്.

🙏മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച തൃശൂരില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും പരിശോധിച്ചു.

🙏മലപ്പുറം അങ്ങാടിപ്പുറം സ്വദേശിക്കു നഷ്ടപ്പെട്ട പണം വീണ്ടെടുത്തുകൊടുത്ത് പോലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയില്‍ ശ്രീകുമാരന്‍ തമ്പി പെരിന്തല്‍മണ്ണ ട്രഷറിയില്‍നിന്ന് പണമെടുത്ത് തന്റെ സ്‌കൂട്ടറിനു പകരം അതേപോലുള്ള മറ്റൊരു സ്‌കൂട്ടറില്‍ പണം വച്ചു. പിന്നീട് ട്രഷറിയിലേക്ക പോയി തിരിച്ചുവന്ന് തന്റെ സ്വന്തം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോയി.

🙏കൊല്ലം പരവൂരില്‍ കടയില്‍ മദ്യപിച്ചെത്തുന്നതു വിലക്കിയ കടയുടമയായ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്.

🙏യുവതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തിയതിന് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശിനിയുടെ പരാതിക്കാരിയില്‍ ഇരിങ്ങാലക്കുടയിലെ ബിജെപി, യുവമോര്‍ച്ച നേതാക്കളായ ശ്യാംജി മഠത്തില്‍, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

🙏എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ 29.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് തുറന്ന കത്തുമായി പുറത്താക്കപ്പെട്ട ആര്‍ച്ച്ബിഷപ് ആന്റണി കരിയില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു.

🙏തനിക്കെതിരായ പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും പിറകില്‍ കേരള സര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും മോന്‍സന്‍ മാവുങ്കല്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഈ ആരോപണം.

🙏കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിയെ മര്‍ദിച്ചു കാഴ്ചശേഷി തകര്‍ത്ത ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം.

ദേശീയം

🙏തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതു നിരോധിക്കാന്‍ നീക്കം. ഇതേക്കുറിച്ചു പഠിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അമിതമായ വാഗ്ദാനങ്ങള്‍ വന്‍ സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പെടുന്ന സമിതിയാണ് രൂപീകരിക്കുകയെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

🙏എഐസിസി ആസ്ഥാനവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികളും പൊലീസ് വളഞ്ഞു. വീട്ടുതടങ്കലിലാക്കിയതിനു സമാനമായ നടപടി. കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹിയിലെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് പൂട്ടി സീല്‍ ചെയ്തതിനു പിറകേയാണ് പോലീസ് വളഞ്ഞത്.

🙏ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലു ലക്ഷത്തിലേറെ കേസുകള്‍. കേരളത്തില്‍ കേസുകളില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ എന്നിങ്ങനെയാണു തട്ടിപ്പ്.

🙏ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സീല്‍ ചെയ്തു. കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടിയപ്പോള്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ പണം സംഘടിപ്പിച്ചതിനിടെ കള്ളപ്പണം വെളുപ്പിച്ചെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും എന്‍ഫോഴ്സ്മെന്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

🙏ഡല്‍ഹിയില്‍ ഒരാള്‍ക്കു കൂടി മങ്കി പോക്‌സ്. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം. തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒന്‍പത് മങ്കിപോക്സ് കേസുകളാണ്.

🙏ഡിജിറ്റല്‍ പണമിടപാടു വഴി 600 കോടി രൂപയുടെ ഇടപാടുകള്‍. ജൂലൈ മാസത്തിലെ മാത്രം കണക്കാണിത്. 2016 ന് ശേഷം ഇത്രയും ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടികാട്ടി.

🙏ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. എടിഎമ്മുകളില്‍ ഒരു മാസത്തില്‍ പത്ത് ഇടപാടുകള്‍ സൗജന്യമാണ്. ചെക്ക്ബുക്കിനു മാത്രമാണ് ജിഎസ്ടി നികുതി.

അന്തർദേശീയം

🙏റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ കാമുകിക്കെതിരേയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം. അലിനയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു.

കായികം

🙏കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആറാം ദിവസമായ ഇന്നലെ ഇന്ത്യക്ക് ഒരു വെള്ളിയും നാല് വെങ്കലവും. ജൂഡോയില്‍ വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തില്‍ തുലിക്കാ മാന്‍ വെള്ളി നേടി. സൗരവ് ഗോസാലിന് സ്‌കാഷില്‍ വെങ്കലം. സ്‌ക്വാഷ് സിംഗിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ ഇന്ത്യന്‍ മെഡലാണ് 35 വയസ്സുകാരന്‍ സൗരവ് ഗോസാല്‍ സ്വന്തമാക്കിയത്. ഹൈജമ്പില്‍ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടി ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍നേടുന്ന ആദ്യ ഇന്ത്യന്‍ ഹൈജംപ് താരമായി തേജസ്വിന്‍ ശങ്കര്‍ മാറി. കൂടാതെ ഭാരോദ്വഹനത്തില്‍ ഗുരുദീപ് സിംഗും ലവ്പ്രീത് സിംഗും വെങ്കലം നേടി ഇന്ത്യയുടെ ഇന്നലത്തെ മെഡല്‍ വേട്ട അഞ്ചിലെത്തിച്ചു. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും ഏഴ് വെങ്കലവും ഇതുവരെ നേടിയ ഇന്ത്യ മൊത്തം പതിനെട്ട് മെഡല്‍ നേടി.