നാളെ അവധിയാണ്, വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ; കളക്ടർ

ആലപ്പുഴ: കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആദ്യ ഉത്തരവിൽ തന്നെ വ്യാഴാഴ്ച കുട്ടികൾക്ക് അവധി അനുവദിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ. ഒപ്പം കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

‘പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സ്നേഹത്തോടെ’ – കലക്ടർ കുറിച്ചു.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കഴിഞ്ഞ ദിവസമാണ് വി.ആർ.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി നിയമിച്ചത്.

Advertisement