‘റിട്രോഗ്രേഡ് അംനീഷ്യ രോഗി, ഉന്നത ജോലിയിൽ നിന്നൊഴിവാക്കണം’; ശ്രീറാം വെങ്കട്ടറാമിനെതിരെ സെൻട്രൽ വിജിലൻസ് കമീഷന് പരാതി

കോഴിക്കോട്: ആലപ്പുഴ ജില്ലാ കലക്ടർ ശ്രീറാം വെങ്കട്ടറാമിനെതിരെ ഗുരുതര ആരോപണവുമായി എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ.

ശ്രീറാം വെങ്കട്ടരാമൻ, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നും അദ്ദേഹത്തെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തോട് ശുപാർശ ചെയ്യണമെന്നുമാവശ്യപ്പെട്ട് സലീം മടവൂർ സെൻട്രൽ വിജിലൻസ് കമീഷന് പരാതി നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ (retrograde amnesia)എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയിൽ സലീം മടവൂർ വ്യക്തമാക്കുന്നു.

പത്രപ്രവർത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ എ എസ് പദവി ഉപയോഗിച്ച്‌ ഇയാൾ കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഭാവിയിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ, പൊലീസിനെ സ്വാധീനിച്ച്‌ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാംപിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച്‌ ജയിൽവാസം ഒഴിവാക്കി.

സസ്‌പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ ഓഫീസ് മെമോറാണ്ടത്തിന്റെ പരസ്യമായ ലംഘനമാണെന്നും സലീം മടവൂർ പരാതിയിൽ പറയുന്നു.

ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയിൽ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നുമാണ് നിയമം. എന്നാൽ ശ്രീറാം വെങ്കട്ടരാമൻ ഡിപിസിയെ സ്വാധീനിച്ച്‌ ഇത്തരം നടപടിക്രമങ്ങൾ ലംഘിച്ച്‌ ആരോഗ്യ വകുപ്പിൽ ജോയന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടിയെന്ന് അദ്ദേഹം ആരോപിച്ചു.

താൽക്കാലിക പ്രമോഷൻ പോലും പൊതുജന താൽപര്യം, കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സർക്കാർ ഉത്തരവുകളും ഡിപിസി കാറ്റിൽ പറത്തി. ഇത് നിയമ വിരുദ്ധമാണ്. സർക്കാർ ഉത്തരവുകളെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. റിട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവിൽ സർവീസിലെ ഉന്നത ജോലികൾ ചെയ്യാൻ അയോഗ്യനാണ്. അതിനാൽ ശ്രീറാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.

Advertisement