ഹാക്കിങ്ങിനും ഇ- ക്രൈമുകൾക്കും കടുത്ത ശിക്ഷ

ദുബായ് : ഹാക്കിങ് അടക്കമുള്ള ഓൺലൈൻ രംഗത്തെ ശക്തമായ കുറ്റകൃത്യങ്ങൾക്കെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷൻ . കുറഞ്ഞത് ഒരുലക്ഷം ദിർഹം പിഴയും ചില കേസുകളിൽ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു . കടുത്ത കുറ്റകൃത്യങ്ങൾക്ക് പിഴ അഞ്ചുലക്ഷം വരെ വർധിപ്പിക്കുകയും ചെയ്യും .

ഇ – ക്രൈമുകളും അഭ്യൂഹങ്ങളും തടയുന്നതിന് രൂപപ്പെടുത്തിയ ഫെഡറൽ നിയമമനുസരിച്ചാണ് നടപടി സ്വീകരിക്കുക.നിയമവിരുദ്ധമായി വെബ്സൈറ്റുകൾ , നെറ്റ്വവർക്കുകൾ , മറ്റു വിവരസാങ്കേതികവിദ്യ ഉപകരണങ്ങൾ എന്നിവക്കെതിരായ എല്ലാ ആക്രമണങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് . കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക് പിഴയും ജയിൽ ശിക്ഷയും വർധിപ്പിക്കാനും അധികൃതർക്ക് അനുമതിയുണ്ട് . തടവുശിക്ഷ ആറുമാസം വരെയാണ് നൽകാനാവുക . ഹാക്ക് ചെയ്യപ്പെടുന്ന വെബ്സൈറ്റിന് സംഭവിക്കുന്ന കേടുപാടുകളുടെ തോതും നഷ്ടപ്പെടുന്ന വിവരങ്ങളുടെ പ്രാധാന്യവുമെല്ലാം വിലയിരുത്തിയാണ് ശിക്ഷ വിധിക്കുന്നത്.ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്മെയിൽ ചെയ്യുകയോ ചെയ്താൽ കനത്ത ശിക്ഷ നൽകുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു .


ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 250,000 ദിർഹവും പരമാവധി 500,000 ദിർഹവും പിഴ ചുമത്തും . ഒപ്പം നിയമലംഘകർക്ക് പരമാവധി രണ്ടുവർഷം വരെ തടവും ലഭിക്കും . മറ്റൊരാളെ ഭീഷണിപ്പെടുത്തുക , ബ്ലാക്ക്മെയിൽ ചെയ്യുക , ഒരാൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യാൻ പ്രേരിപ്പിക്കുക , സമ്മർദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാർഹമാണ് . കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പത്തുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഓൺലൈനിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്കും കനത്ത ശിക്ഷ ചുമത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു . ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ബോധവത്കരണ ശ്രമങ്ങളുമായി രംഗത്തെത്തിയത്

Advertisement