ഗൾഫിൽ നിന്ന് നാട്ടിലെത്താൻ കഴുത്തറപ്പൻ തുക

ദുബായ്: ​ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വർഷമായി നാട്ടിൽ വരാനാകാതെ ​ഗൾഫിൽ കുടുങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

അത് കൊണ്ട് തന്നെ ​ഗൾഫിൽനിന്ന് ഇന്ത്യയിലേക്കു സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കിപ്പോൾ ചാകരക്കാലമാണ്. കോവിഡ് കാലത്തും തുടർന്നുമുണ്ടായ ക്ഷീണം തീർക്കാൻ പറ്റിയ കൊയ്ത്തുകാലം. അടുത്തെങ്ങുമില്ലാത്തവിധം ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു.

പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി. പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം.

തങ്ങളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രവാസികൾ അധികൃതരോട് ആവശ്യപ്പെടുന്നത്.

Advertisement