ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ

മസ്കത്ത്​: രാജ്യത്ത്​ നടപ്പാക്കിയ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. സർഗ്ഗാത്​മക വ്യക്​തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരംഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ്​ രണ്ടാംഘട്ടത്തിൽ ദീർഘകാല വിസ പദ്ധതിക്ക്​ അപേക്ഷിക്കാനാവുക. ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാൻ സുൽത്താനേറ്റ്​ ആലോചിക്കുന്നു​ണ്ടെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു.”

വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാർഷിക റിപ്പോർട്ടിന്റെ അവതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല വിസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലധനത്തിലായിരുന്നു. ആദ്യഘട്ടം നടപ്പാക്കിയപ്പോൾ ഇക്കാര്യത്തിൽ വർധനവുണ്ടായിട്ടുണ്ട്​. രണ്ടാം ഘട്ടത്തിൽ പ്രതിഭാധനരരായ ആളുകളെയാണ്​ ലക്ഷ്യമിടുന്നത്​.
പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക്​ രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി.

Advertisement