ജിദ്ദ: സൗദി അറേബ്യ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജുലൈ 9 ന്. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്.
സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഹിജ്റ മാസമായ ദുല്‍ഖഅദ് ഇന്നലെ അവസാനിക്കുകയും ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുകയും ചെയ്തു.
ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈ ഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. മാസപ്പിറവി ദൃശ്യമായതോടെ തീര്ത്ഥാകടകര് ഹജ്ജ് കര്‍മ്മത്തിനായി മിനയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ ബലി പെരുന്നാള്‍ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ജുലൈ പത്തിനായിരിക്കും ബലി പെരുന്നാള്‍. ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ഇബ്റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു. ഫോണ്‍: കണ്ണൂര്‍ 98952923, വയനാട്: 9605695117, കോഴിക്കോട്: 0495 2771538, മലപ്പുറം: 9562507507, പാലക്കാട്: 9946883666, തൃശൂര്‍: 9745786333.