ദുബായ്.കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ച് വിദേശ,​ ഇന്ത്യൻ വിമാന കമ്പനികൾ. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചുതുമാണ് കമ്പനികള്‍ മുതലെടുക്കുന്നത്. വിമാന ഇന്ധന വിലവര്‍ദ്ധനവും പ്രതിസന്ധിയായിട്ടുണ്ട്.

ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് പോകാൻ 12,000 രൂപയും. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും വെട്ടിക്കുറച്ചുതുമാണ് നിരക്ക് വർധനയ്ക്ക് ഇടയാക്കിയത്. വിമാനഇന്ധന വിലവര്‍ദ്ധനവും തിരിച്ചടിയായി. ഇൻഡിഗോ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എയർ അറേബ്യ, എമിറേറ്റ്സ് തുടങ്ങി മിക്ക കമ്പനികളുടെയും നിരക്ക് 50000ത്തിന് മുകളിലാണ്.

അതേസമയം ലോക്ഡൗൺ പിൻവലിച്ച ശേഷവും വിമാന സർവീസുകൾ പൂർണമായി പുനസ്ഥാപിച്ചിട്ടില്ല. ഗൾഫിൽ നിന്നു 11 സർവീസുണ്ടായിരുന്ന എമിറേറ്റ്സിനു 7 പ്രതിവാര സർവീസുകളാണ് ഇപ്പോൾ ഉള്ളത്. എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻ‌ഡിഗോ എന്നിങ്ങനെ പല കമ്പനികളും 25%ത്തോളം സർവീസ് വെട്ടിക്കുറച്ചു. അവധിക്കാല തിരക്കു കണക്കിലെടുത്തു അധിക സർവീസ് നടത്തിയാൽ നിരക്കു കുറയുമെന്ന് പ്രവാസികള്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.