അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി നഴ്‌സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോള്‍(36) ആണ് മരിച്ചത്.

മെയ് 3ന് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ ജബല്‍ ജെയ്‌സ് മലനിരകള്‍ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു.

ടിന്റു പോളും ഭര്‍ത്താവ് കൃപ ശങ്കര്‍, ഇവരുടെ മക്കളായ കൃതിന്‍ ശങ്കര്‍(10), ആദിന്‍ ശങ്കര്‍, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിന്റെ ഭര്‍ത്താവിനേയും മക്കളേയും റാസല്‍ഖൈമയിലെ അല്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാസല്‍ഖൈമയിലെ അല്‍ ഹംറ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോള്‍.

ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ഗുരുതരമായ പരുക്കുകളുണ്ട്. പരുക്കേറ്റവരെ റാസല്‍ഖൈമയിലെ അല്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ സഖര്‍ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. നിയമ നടപടികള്‍ക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായും റാസല്‍ഖൈമ പൊലീസ് വ്യക്തമാക്കി.