ഇന്ത്യയിലേക്ക് കൂടുതൽ സർവീസുമായി വിമാനക്കമ്പനികൾ

അബൂദബി: കോവിഡ് മഹാമാരിയിൽ നിന്ന് ലോകം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ, അബൂദബിയിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി വിമാനക്കമ്പനികൾ.

അബൂദബി വിമാനത്താവളത്തിൻറെ വേനൽക്കാല ഷെഡ്യൂളിൽ കണ്ണൂരിലേക്ക് ഗോ എയർ സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം, അബൂദബിയിൽ നിന്ന് ചെന്നൈയിലേക്ക് സർവിസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബൂദബി ഇന്നലെ അറിയിച്ചു. ഗോ എയർ മുംബൈ, കണ്ണൂർ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിവസവും സർവിസ് നടത്തുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിച്ചതിനുശേഷം, എമിറേറ്റ്‌സ് എയർലൈനാണ് കൂടുതൽ സർവിസുകൾ നടത്തുന്നത്. ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാനങ്ങൾ സർവിസ് നടത്താനാണ് തീരുമാനിച്ചത്.

ദുബൈ-മുംബൈ റൂട്ടിൽ എമിറേറ്റ്സ് പ്രതിദിന എ-380 സർവിസും തിരികെ കൊണ്ടുവന്നിട്ടുണ്ട്. അബൂദബി വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസും സർവിസുകൾ നടത്തുന്നുണ്ട്. ഏപ്രിൽ 27 മുതലാണ് എയർ അറേബ്യ അബൂദബി സർവിസ് ആരംഭിക്കുക. നഗരത്തിലെ സമ്പന്നമായ പൈതൃകം കാണാൻ പുതിയ സർവിസ് സഞ്ചാരികളെ പ്രാപ്തമാക്കുമെന്ന് എയർ അറേബ്യ സി.ഇ.ഒ ആദിൽ അൽ അലി പറഞ്ഞു. യാത്രികർക്ക് താങ്ങാവുന്ന സർവിസ് പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം കൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ എയർ അറേബ്യ അബൂദബിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ആറായി ഉയർന്നു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്പുർ എന്നിവയാണ് സർവിസ് നടന്നുവരുന്ന മറ്റു നഗരങ്ങൾ.

2020 ജൂലൈയിൽ അബൂദബിയിൽനിന്ന് സർവിസ് ആരംഭിച്ച എയർ അറേബ്യയുടെ പത്തൊമ്പതാമത്തെ റൂട്ടാണ് ചെന്നൈ. കോവിഡിനുമുമ്ബ്, ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർ റൂട്ടുകളിൽ ഒന്നാണ് ഇന്ത്യ-യു.എ.ഇ. ഇന്ത്യയുടെ അന്താരാഷ്ട്ര ട്രാഫിക്കിൻറെ വലിയൊരു ഭാഗം പ്രതിനിധാനംചെയ്യുന്നത് ദുബൈ ആയിരുന്നു. ഡെൽറ്റ വകഭേദം മൂലമുണ്ടായ ഇന്ത്യയിലെ രണ്ടാം തരംഗം, രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്ക് മാസങ്ങൾ നീണ്ട നിരോധനം ഏർപ്പെടുത്താൻ യു.എ.ഇയെയും നിരവധി രാജ്യങ്ങളെയും പ്രേരിപ്പിച്ചിരുന്നു

Advertisement