കുവൈറ്റ് സിറ്റി: ഗാര്‍ഹികത്തൊഴിലാളിയായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് 100 ദിനാര്‍ ശമ്പളം നല്‍കണമെന്ന് വ്യവസ്ഥ. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റുമായുണ്ടാക്കിയ ധാരണാ പത്രത്തിലാണ് ഇക്കാര്യമുള്ളത്.

വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാവണം വീട്ടുജോലിക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടത്. സ്പോണ്‍സര്‍ തൊഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കണം. മാസ ശമ്പളം അക്കൗണ്ട് വഴി മാത്രമേ നല്‍കാവൂ. പണമായി നല്‍കുന്ന രീതി പാടില്ലെന്നും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്.

30 വയസ്സില്‍ കുറവ് പ്രായമുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനും പാടില്ല. ഇവരുടെ പരമാവധി പ്രായം 55 വയസ്സായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ധാരണാപത്രം പ്രകാരം പാസ്പോര്‍ട്ട് സ്വന്തം കൈവശം വെക്കാന്‍ ജോലിക്കാര്‍ക്ക് അവകാശമുണ്ടായിരിക്കും. അവ സ്പോണ്‍സര്‍ പിടിച്ചുവെക്കാന്‍ പാടില്ല. തൊഴിലാളികള്‍ക്ക് നിയമസഹായം സൗജന്യമായിരിക്കും എന്നതാണ് മറ്റൊരു വ്യവസ്ഥ.

ഗാര്‍ഹികത്തൊഴിലാളികളും തൊഴിലുടമകളും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാറിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. അതോടൊപ്പം ഒരു അക്രഡിറ്റഡ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെയും അംഗീകാരം വേണം.

റിക്രൂട്ട്മെന്റ് ചാര്‍ജ് എന്ന നിലയില്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിക്കുന്ന രീതിയും ഒഴിവാക്കി. ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാല്‍ നഷ്ടപരിഹാരവും ലഭിക്കും. കുവൈറ്റ് തൊഴില്‍ നിയമത്തിന്റെ പരിരക്ഷയും ഇവര്‍ക്കുണ്ടാകും.