ദോഹ. ഖത്തറില്‍ കടല്‍തീരത്ത് അവധി ആഘോഷത്തിന് പോയ കുടുംബം അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ടു. വെള്ളിയാഴ്ച്ച വൈകീട്ടാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണം സ്വദേശികളായ ബാലാജി ബാലഗുരു(38), മകന്‍ രക്ഷന്‍ ബാലാജി(10), സുഹൃത്തിന്റെ മകള്‍ വര്‍ഷിണി വൈദ്യനാഥന്‍ (12) എന്നിവരാണ് മരിച്ചത്.

മരിച്ച ബാലാജിയുടെയും സുഹൃത്തായ വൈദ്യനാഥന്റെയും കുടുംബങ്ങള്‍ ഒന്നിച്ച് ബീച്ചില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. തിരമാല പെട്ടെന്ന് ഉയരുകയും ആഞ്ഞടിക്കുകയും ചെയ്തതോടെ എല്ലാവരും കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ കാണാതാവുകയായിരുന്നു. ബാലാജിയും വര്‍ഷണിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

കോസ്റ്റ് ഗാര്‍ഡുള്‍പ്പെടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ രക്ഷന്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. അല്‍ഖോര്‍ ഹമദ് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മറ്റുനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മരിച്ച രക്ഷന്‍ ബാലാജി ബിര്‍ല പബ്ലിക് സ്‌കൂളിലെയും, വര്‍ഷിണി മൊണാര്‍ക് സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്.