‘വിഷന്‍ 2030 വിഭാവന ചെയ്യുന്ന 16 തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 89 പദ്ധതികള്‍

ജിദ്ദ. വിഷന്‍ 2030 അഭിമാന പരിപാടിയുടെ ഭാഗമായി പൗരന്മാരുടെ തൊഴില്‍ ശേഷിയും പ്രവര്‍ത്തനക്ഷമതയും പ്രാദേശിക – രാജ്യാന്തര മികവോടെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ സൗദി കിരീടാവകാശി ‘മാനവശേഷി വികസനം’ എന്ന പദ്ധതി പ്രഖ്യാപിച്ചു. സൗദിയുടെ അഭിമാന ദര്‍ശനമായ ‘വിഷന്‍ 2030’ മുന്നോട്ടുവെക്കുന്ന കാര്യങ്ങളുടെ സാക്ഷാല്കാരമാണ് പുതിയ പദ്ധ്വതിയുടെ അമരക്കാരന്‍ കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഭാവന ചെയ്യുന്നത്. പ്രാദേശിക – രാജ്യാന്തര തലങ്ങളില്‍ ദ്രുതഗതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ ആവശ്യകതകളും അവയിലൂടെ തുറന്നു കിട്ടുന്ന അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് പദ്ധ്വതിയുടെ സാക്ഷാല്‍ക്കാരം നേടിയെടുക്കുക.

പ്രാദേശികമായും രാജ്യാന്തര തലത്തിലും വര്‍ത്തമാന കാലത്തും ഭാവിയിലുമുള്ള വെല്ലുവിളികള്‍ വിജയകരമായി നേരിട്ടുകൊണ്ടുള്ള മാനവശേഷിയുടെ മികവ് പ്രകടിപ്പിക്കുന്ന പൗരന്മാരെ സജ്ജമാക്കാനാണ് മാനവശേഷി വികസന പദ്ധതിയെന്ന് അതിന്റെ നടത്തിപ്പിനായുള്ള സമിതിയുടെ അധ്യക്ഷന്‍ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

‘വിഷന്‍ 2030 വിഭാവന ചെയ്യുന്ന 16 തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 89 പദ്ധതികളാണ് പുതിയ മാനവശേഷി വികസന പദ്ധ്വതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരവും അനുയോജ്യവുമായ വിദ്യാഭ്യാസ അടിത്തറ എല്ലാവര്‍ക്കുമായി വികസിപ്പിക്കുക, അവരെ വര്‍ത്തമാന കാലത്തേക്കും ഭാവിയിലേക്കും പ്രാദേശിക – രാജ്യാന്തര തൊഴില്‍ കമ്‌ബോളത്തിന് പ്രാപ്തരാക്കുക, ആജീവനാന്ത പഠന അവസരങ്ങള്‍ ലഭ്യമാക്കുക എന്നീ മൂന്ന് പ്രധാന തന്ത്രപൂര്‍ണമായ നീക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധ്തി’ – സൗദി കിരീടാവകാശി വിശദീകരിച്ചു.

എല്ലാ സൗദി പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ പദ്ധതിയെന്നും കിരീടാവകാശി അടിവരയിട്ടു. ബാല്യകാലത്ത് തുടങ്ങി കോളേജ്, സര്‍വകലാശാല, ടെക്‌നിക്കല്‍ – പ്രൊഫഷണല്‍ സ്ഥാപനങ്ങളിലൂടെ ഒടുവില്‍ തൊഴില്‍ കമ്‌ബോളത്തില്‍ ചെന്നവസാനിക്കുന്ന മാനവശേഷി വികസനമാണ് ലക്ഷ്യം. ഇതിലൂടെ വിവരവും വൈധഗ്ദ്യവും സ്വായത്തമാക്കുന്ന പൗരന്‍ തൊഴില്‍ കമ്‌ബോളത്തിലെ ഗതിവിഗതികളെ ഉള്‍ക്കൊള്ളുകയും ദൃഢമായ സമ്ബദ് വ്യവസ്ഥയില്‍ കൂടുതല്‍ ഉജ്വലമായ പങ്കാളിത്തം വഹിക്കണമെന്നുമാണ് കിരീടാവകാശിയുടെ ആഗ്രഹവും കാഴ്ചപ്പാടും.

അറിവിനോടുള്ള അഭിനിവേശം, മൂല്യങ്ങളിലുള്ള അഭിമാനം, ജോലിയിലെ വിജയം, പ്രാദേശിക – രാജ്യാന്തര തലങ്ങളിലായി നേതൃത്വ – മത്സരാധിഷ്ഠിത ശേഷി പരിപോഷിപ്പിക്കല്‍, മികവും വിരുതും നിരന്തരമായി വികസിപ്പിക്കല്‍ തുടങ്ങിയ നിരവധി തന്ത്രപ്രധാനമായ തലങ്ങളിലൂടെ പൗരന്മാരെ സജ്ജമാക്കുമെന്ന് പുതിയ മാനവശേഷി വികസനം പറയുന്നു. ഇത്തരം അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് ലക്ഷ്യം കൈവരിക്കുക.

ഭാവിയിലേക്കുള്ള കഴിവുകള്‍ ആര്‍ജിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നതാണ് ‘മാനവശേഷി വികസനം’ കൊണ്ട് ഉദ്യേശിക്കുന്നത്. സര്‍ഗ്ഗാത്മക ചിന്താ ശേഷി, വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലെ വിരുത്, സാമൂഹികവും വൈകാരികവുമായ ചിന്തകളുടെ പരിപോഷണം എന്നിവയിലൂടെയാണ് ഇത് കൈവരിക്കുക. ഇത്തരത്തില്‍ പൗരന്മാരുടെ മത്സരാത്മക ചിന്തയും നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആവശ്യകതകളും നേടിയെടുക്കാനാവുമെന്ന് പദ്ധതി കണക്ക് കൂട്ടുന്നു.