മനാമ:പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ബഹ്‌റൈൻ . സർക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം. അഹ്മദ് അൽ അൻസാരി അധ്യക്ഷനായ പാർലമെന്റിന്റെ സർവീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായുള്ള നിർദേശം മുന്നോട്ട് വെച്ചത്.

പ്രവാസികൾക്കും പെൻഷൻ പദ്ധതിയിൽ ഇടം നൽകണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനക്ക് സമർപ്പിച്ചതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ അധികൃതർ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.

മിലിട്ടറി പെൻഷൻ നിയമത്തിൽ പ്രവാസികളെയും ഉൾപ്പെടുത്തുന്നതു വഴി പ്രതിവർഷം 200 മില്യൺ ദിനാർ നേടാൻ കഴിയുമെന്ന് സോഷ്യൽ ഇൻഷൂറൻസ് ഓർഗനൈസേഷൻ വ്യക്തമാക്കിയിരുന്നു. ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ പ്രതിമാസം നിശ്ചിത തുക പെൻഷൻ ഫണ്ടിലേക്ക് അടക്കണം. സേവനം അവസാനിക്കുമ്പോൾ ഇവർക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി.

പ്രവാസികളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പെൻഷൻ ഫണ്ടിൽ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുമെന്ന് ചില പാർലമെന്റ് അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ബഹ്റൈൻ പൗരന്മാരല്ലാത്തവർക്ക് സോഷ്യൽ ഇൻഷുറൻസ് നിർത്തലാക്കിയ 1977ലെ നിയമം പിൻവലിക്കണമെന്നും ചില എം. പി മാർ ആവശ്യപ്പെട്ടു. 1977 വരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെൻഷൻ ഫണ്ടിന്റെ പരിധിയിൽ വന്നിരുന്നു.

പുതിയ ശുപാർശ അനുസരിച്ച്‌ ചുരുങ്ങിയ വിരമിക്കൽ പ്രായം 55 വയസായാണ് കണക്കാക്കുക. തൊട്ടുമുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെൻഷൻ. പദ്ധതിക്കുള്ള ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഇത് പ്രവാസികൾക്ക് ഏറെ പ്രയോജനകരമാകും.