25-ാം വാർഷികത്തിൽ ജീവനക്കാർക്ക് 1.3 കോടി ദിർഹത്തിന്റെ സമ്മാനങ്ങളുമായി യുഎഇയിലെ കമ്പനി

ഷാർജ: ഇരുപത്തി അഞ്ചാം വർഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് 1.3 കോടി ദിർഹത്തിന്റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഒരു കമ്പനി. ഇതിന് പുറമെ 25 ജീവനക്കാരുടെ മാതാപിതാക്കളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തിക്കുകയും ചെയ്‍തു. ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പാണ് കമ്പനിയുടെ സിൽവർ ജൂബിലി ജീവനക്കാരുടെ കൂടി ആഘോഷമാക്കി മാറ്റിയത്.

കമ്പനിയിൽ മൂന്ന് വർഷവം അതിൽ കൂടുതലും പൂർത്തിയാക്കിയിട്ടുള്ള ജീവനക്കാർക്ക് അവരുടെ അധ്വാനത്തിന്റെ അംഗീകാരമാണിതെന്ന് അധികൃതർ പറയുന്നു. മലയാളിയായ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിന്റെ ഭാഗമായ ജീവനക്കാരുടെ മാതാപിതാക്കൾക്ക് പേരന്റൽ അലവൻസ് പ്രഖ്യാപിക്കുക വഴി നേരത്തെ തന്നെ ഏരീസ് ഗ്രൂപ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ജീവനക്കാരുടെ നേട്ടങ്ങളിൽ അവരുടെ കുടുംബങ്ങൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു അലവൻസ് മാതാപിതാക്കൾക്ക് നൽകുന്നതെന്ന് കമ്പനി പറയുന്നു. ഒപ്പം മക്കളെ വളർത്തി വലുതാക്കി വിദ്യാഭ്യാസം നൽകി ജോലി നേടാൻ അവരെ പ്രാപ്‍തരാക്കിയതിനുള്ള കൃതജ്ഞത കൂടിയാണിത്.

കമ്പനി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ജീവനക്കാരുടെ മാതാപിതാക്കളോട് നന്ദി അറിയിക്കുകയാണ് ഏരീസ് ഗ്രൂപ്പെന്ന് സോഹൻ റോയ് പറഞ്ഞു. 1998ൽ സ്ഥാപിതമായതു മുതൽ ലാഭത്തിന്റെ അൻപത് ശതമാനം ജീവനക്കാരുമായി പങ്കിടുന്ന നയമാണ് ഏരീസ് ഗ്രൂപ്പ് സ്വീകരിക്കുന്നത്.

Advertisement