നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർക്ക് കോടികൾ സമ്മാനം

Advertisement

ദുബായ്: ഏറ്റവും പുതിയ മഹ്‌സൂസ് നറുക്കെടുപ്പുകളിൽ ഖത്തറിൽ ജോലിചെയ്യുന്ന മലയാളിയടക്കം രണ്ടു ഇന്ത്യക്കാർക്ക് രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) വീതം സമ്മാനം. ഖത്തറിൽ മെക്കാനിക്കൽ എൻജിനീയറായ മലപ്പുറം സ്വദേശി ഷഹബാസ് കടേങ്ങൽ സിദ്ദിഖ്, പഞ്ചാബ് സ്വദേശി സുമൈർ (36) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന 127–ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിലാണ് ഷഹബാസ് സമ്മാനം നേടിയത്. ആറു നമ്പറുകളിൽ അഞ്ചെണ്ണവും പൊരുത്തപ്പെട്ടതാണ് ഷഹബാസിനെ കോടികളുടെ ഭാഗ്യവാനാക്കിയത്.

രണ്ട് വർഷമായി സ്ഥിരമായി മഹ്സൂസിൽ പങ്കെടുത്തിട്ടുള്ള ഈ യുവാവ് ഖത്തറിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓൺലൈൻ നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുകയായിരുന്നു. ഒടുവിൽ നടന്ന നറുക്കെടുപ്പിൽ സ്ക്രീനിൽ തന്റെ പേര് കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് ഷഹബാസ് പറഞ്ഞു. സന്തോഷവിവരം ആദ്യം അറിയിച്ചത് നാട്ടിലുള്ള ഭാര്യയെയായിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യകതമാക്കി.

ഇതുവരെ മഹ്‌സൂസ് 42 കോടീശ്വരന്മാരെ സൃഷ്ടിച്ചു. മഹ്സൂസ് 127–ാമത് നറുക്കെടുപ്പിൽ യുഎഇ എണ്ണ–ഗ്യാസ് മേഖലയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുമൈർ (36) ആണ് രണ്ടു കോടിയിലേറെ രൂപ(1,000,00 ദിർഹം) സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരൻ. 2014 മുതൽ 2020 വരെ യുഎഇയിലുണ്ടായിരുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 2022ൽ ഖത്തറിലെത്തി പുതിയ ജോലിയിൽ പ്രവേശിച്ചു.

എന്നാൽ, മഹ്സൂസിൽ‍ പങ്കെടുക്കുക എന്ന ആവേശം തണുത്തില്ല. സമ്മാനവിവരം ആദ്യം ഭാര്യയെയാണ് അറിയിച്ചത്. പക്ഷേ, അവരാദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. സമ്മാനത്തുകയിൽ നിന്ന് 10% ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും സുമൈർ പറഞ്ഞു.

Advertisement