യുഎഇയിലേക്ക് മരുന്ന് എത്തിക്കാൻ ഇ-പെർമിറ്റ് സംവിധാനം ; നടപടിക്രമങ്ങൾ അറിയാം

അബുദാബി: സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും യുഎഇയിലേക്കു കൊണ്ടുവരാൻ ഇ-പെർമിറ്റ് സംവിധാനം നിലവിൽ വന്നു. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അനുമതി എടുത്ത് ഇറക്കുമതി ചെയ്യാം.

യാത്രയിൽ കരുതുന്ന മരുന്നുകൾ അതിർത്തി കവാടങ്ങളിലെ കസ്റ്റംസ് അധികൃതരെ കാണിച്ചും കൊണ്ടുവരാം. വ്യാജ മരുന്നുകളുടെയും ലൈസൻസില്ലാത്ത ഉപകരണങ്ങളുടെയും ഇറക്കുമതിയും വിതരണവും തടയുകയാണ് പുതിയ തീരുമാനത്തിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ (www.mohap.gov.ae) സ്മാർട്ട് ആപിലോ ലോഗിൻ ചെയ്ത് ബിൽ സഹിതം ബന്ധപ്പെട്ട വിവരങ്ങൾ നൽകി മരുന്ന് ഇറക്കുമതി ചെയ്യാൻ അപേക്ഷ നൽകാം. ഇങ്ങനെ ആറു മാസത്തേക്കുള്ള മരുന്നുകൾ കൊണ്ടുവരാം. നിയന്ത്രിത മരുന്നുകൾ പ്രത്യേക അനുമതിയോടെ പരമാവധി 3 മാസത്തേക്കു കൊണ്ടുവരാം. ചട്ടങ്ങൾ പാലിക്കാതെ മരുന്നു കൊണ്ടുവന്നാൽ കുടുങ്ങും. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നത് കണക്കിലെടുത്താണ് നടപടിക്രമങ്ങൾ. കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്.

ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകൾക്ക് നിരോധനവും നിയന്ത്രണവുമുണ്ട്. രാജ്യാന്തര തലങ്ങളിൽ വിവിധ ലഹരിമരുന്നുകൾ ശാസ്ത്ര പഠന-ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരുടെ കൈവശം ഇവ എത്താതിരിക്കാനും ശ്രദ്ധിക്കുന്നു. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കർശനമായി തടയും.

അപേക്ഷയിൽ വേണ്ടത്

രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടർ മൂന്ന് മാസത്തിനുള്ളിൽ നൽകിയ കുറിപ്പടി, ചികിത്സിച്ച സ്ഥാപനം നൽകിയ ഒരു വർഷത്തിനകമുള്ള റിപ്പോർട്ട്, ആരോഗ്യം സംബന്ധിച്ച രേഖകൾ, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോർട്ടിന്റെയോ പകർപ്പ് എന്നിവ വേണം. യുഎഇ ഡ്രഗ് ഡിപാർട്ട്മെന്റ് ഇവ പരിശോധിച്ചു ബോധ്യപ്പെട്ടാൽ സമ്മതപത്രം നൽകും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.

ഹൈടെക് പരിശോധന

ഔഷധങ്ങൾ എന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതു തടയാൻ പരിശോധനകൾ കർശനമാണ്. നൂതന മാർഗത്തിലൂടെ ലഹരിമരുന്നു കടത്തുന്നവരെ പിടികൂടാൻ സ്മാർട് വിദ്യകളും കസ്റ്റംസ് പ്രയോഗിക്കുന്നു. ഗുളികകളിൽ ലഹരിമരുന്നുണ്ടോ എന്നറിയാൻ പ്രത്യേക സ്‌കാനറിൽ ഒരുനിമിഷം വച്ചാൽ സകല ചേരുവകളുടെയും രാസനാമം സഹിതം സ്‌ക്രീനിൽ തെളിയും. കുറ്റക്കാരെ കയ്യോടെ പിടികൂടും.

വ്യക്തികൾക്കു പുറമേ ആരോഗ്യസേവന സ്ഥാപനങ്ങൾക്കും മെഡിക്കൽ വെയർഹൗസ് ലൈസൻസുള്ള പ്രാദേശിക ഏജന്റുമാർക്കും ഇ–പെർമിറ്റ് ഉപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ അപേക്ഷ നൽകാം. മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്സ്, ഭിന്നശേഷിക്കാർക്കുള്ള കൃത്രിമ ഉപകരണങ്ങൾ, കോൺടാക്ട് ലെൻസ് എന്നിവ ഇറക്കുമതി ചെയ്യാം.

Advertisement