ജോലി വാഗ്ദാനം ചെയ്ത് മലയാളി പെൺകുട്ടികളെ ദുബായിലെത്തിച്ചു വഞ്ചിച്ചു

Advertisement

അബുദാബി/ദുബായ്∙ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശികളായ മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു പേരെ ദുബായിൽ എത്തിച്ചു വഞ്ചിച്ചതായി പരാതി. ഒരു ലക്ഷം രൂപ വീതം ഈടാക്കി ആലുവയിലെ ഒരു കൺസൾട്ടൻസി മുഖേന സന്ദർശക വീസയിൽ എത്തുകയായിരുന്നു. ഒപ്പമെത്തിയ നാലു പുരുഷന്മാർ ജോലി ലഭിക്കാതെ നേരത്തെ മടങ്ങിയിരുന്നു. ഒരു മാസത്തെ സന്ദർശക വീസയിലാണു കൊണ്ടുവന്നത്. വീസ കാലാവധി തീർന്നതോടെ താമസ സ്ഥലത്തെ വാടക ഏജന്റ് നൽകിയില്ല.

ഭക്ഷണം നൽകുന്നതും നിർത്തി. സഹായത്തിനായി ദുബായ് കെഎംസിസിയെയും സമീപിച്ചു. നിർധന കുടുംബത്തിലെ അംഗങ്ങളാണ് മൂന്നു പേരും. രണ്ടു പേർ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായും ഒരാൾ അക്കൗണ്ടിങ് ജോലിയുമാണ് നാട്ടിൽ ചെയ്തിരുന്നത്. നല്ല ശമ്പളത്തിന് പായ്ക്കിങ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊച്ചിയിലെ ഏജന്റാണ് ഇവരെ സമീപിച്ചത്. ഒരു മാസത്തെ സന്ദർശക വീസയിൽ യുഎഇയിൽ എത്തിച്ചു.

രണ്ടിടങ്ങളിൽ ഇന്റർവ്യൂവിനു കൊണ്ടുപോയെങ്കിലും ജോലി ശരിയായില്ല. വീട്ടുജോലിക്കുവരെ പോകാൻ തയാറാണെന്നു യുവതികൾ ഏജന്റിനെ അറിയിച്ചിരുന്നു. ഒരു മാസത്തെ വീസ കാലാവധി കഴിഞ്ഞിട്ട് 48 ദിവസം കഴിഞ്ഞു. നിയമ ലംഘകരായി യുഎഇയിൽ തുടർന്നതിന് ഓരോരുത്തർക്കും 2500 ദിർഹം പിഴയുണ്ട്. ഈ തുക അടച്ചാലേ രാജ്യംവിടാനൊക്കൂ.

നാട്ടിലേക്കു തിരിച്ചു പോകാനുള്ള അവസ്ഥയിലല്ലെന്നും പിഴ കുടിശിക തീർത്ത് മറ്റൊരു വീസ എടുത്തു തന്നാൽ സ്വന്തം നിലയിൽ ജോലി കണ്ടെത്താമെന്നുമാണു പെൺകുട്ടികൾ ഏജന്റിനെ അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം ശ്രമിക്കാമെന്ന് ഏജന്റ് പറഞ്ഞതായും ഇവർ പറയുന്നു.

Advertisement