കുവൈറ്റിൽ അപൂർവ മഞ്ഞുവീഴ്ച; ആലിപ്പഴ വർഷവും കനത്ത മഴയും

Advertisement

കുവൈറ്റ് സിറ്റി∙ കുവൈറ്റിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു മഞ്ഞു വീഴ്ചയുണ്ടായത്. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെയായിരുന്നു മഴ.

അപൂർവമായി അനുഭവപ്പെട്ട മഞ്ഞുവീഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളും തെരുവിലിറങ്ങി. ഫോട്ടോയും ദൃശ്യവും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു ചിലർ.കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ ചില റോഡുകൾ താൽക്കാലികമായി അടച്ചിട്ടു. മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്താണ് ചിലയിടങ്ങളിലെ വെള്ളക്കെട്ട് നീക്കി ഗതാഗത യോഗ്യമാക്കിയത്.

കുവൈറ്റിൽ വേനൽക്കാലത്ത് ചില ഭാഗങ്ങളിൽ 55 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. ശൈത്യകാലത്ത് അതു രണ്ട് ഡിഗ്രി സെൽഷ്യസായി കുറയും. ആലിപ്പഴം, മഞ്ഞ്, പൊടിക്കാറ്റ്, മഴ എന്നിവ സാധാരണമാണെങ്കിലും മഞ്ഞുവീഴ്ച അത്യപൂർവമാണെന്ന് താമസക്കാർ പറയുന്നു. ഇന്നലെ അന്തരീക്ഷം തെളിഞ്ഞു. ഗതാഗതവും പുനഃസ്ഥാപിച്ചു.

Advertisement