എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബിൽ, ഇത് ദുബായുടെ നന്മ, ​മനോജ്​ നാളെ​ നാടണയും

ദുബായ്: അന്നം തേടിയെത്തിയവരെ ഹൃദയത്തോട്​ ചേർത്തുവെക്കുന്ന ദുബയുടെ കാരുണ്യത്തിൽ തൃശൂർ അയ്യന്തോൾ സ്വദേശി മനോജ്​ നെല്ലിപ്പറമ്പിൽ വെള്ളിയാഴ്ച​ നാടണയും.

നാല്​ വർഷത്തെ ചികിത്സയും കേസുകളും തീർത്ത ഏഴ്​ ലക്ഷം ദിർഹമിൻറെ (ഏകദേശം ഒന്നര കോടി രൂപ) ആശുപ​ത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ്​ ഈ 49കാരനെ നാട്ടിലേക്ക്​ അയക്കുന്നത്​​. ദുബായ് സർക്കാരിന്​ കീഴിലുള്ള റാശിദ്​ ഹോസ്പിറ്റലിലായിരുന്നു ചികിത്സ.

യു.എ.ഇയിലെ പ്രശസ്തമായ ബാങ്കിൽ അസിസ്റ്റൻറ്​ മാനേജരായിരുന്ന മനോജിന്​​ നാല്​ വർഷമായി ദുരിതങ്ങളുടെ പെരുമഴയായിരുന്നു. മികച്ച ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ്​ 2018ൽ ജോലി നഷ്ടമാകുന്നത്​. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മനോജ്​ പുതിയ ജോലി അന്വേഷിക്കുമ്പോഴാണ്​ പെട്ടന്നൊരു ദിവസം തളർന്നുവീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തത്​. ഇത് ഇയാളുടെ വലത് തുടയെല്ലിന് പൊട്ടലുണ്ടാക്കി. ദുബൈയിലെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി.

ആശുപത്രിയിലും റൂമിലും ചെലവഴിച്ച മനോജിനെ കുറിച്ച്‌​ വിവരം ഇല്ലാതായതോടെ മുൻപ്​ ജോലി ചെയ്തിരുന്ന ബാങ്ക്​ ഇദ്ദേഹത്തിനെതിരെ കേസ്​ ഫയൽ ചെയ്തു. പഴയ ബാങ്കിൻറെ വിസയിലായിരുന്ന ഇദ്ദേഹം ‘ഒളിച്ചോടി’ എന്ന പേരിലായിരുന്നു കേസ്​. ബാങ്കിൽ നിന്നെടുത്ത വായ്പയും ക്രെഡിറ്റ്​ കാർഡ്​ തുകയും തിരിച്ചടക്കാതെ വന്നതോടെ മറ്റൊരു കേസും കൊടുത്തു. താമസിച്ചിരുന്ന ഫ്ലാറ്റിലും ഹോട്ടൽ അപ്പാർട്ട്​മെൻറിലും നൽകിയ ചെക്ക് ബാങ്കിൽ പണമില്ലാതെ മടങ്ങിയതോടെ വീണ്ടും കേസായി. ഇതിനിടെ പാസ്പോർട്ടും എമിറേറ്റ്സ് ഐ.ഡിയും നഷ്ടപ്പെട്ടു. നാട്ടിലായിരുന്ന അമ്മക്ക്​ ശസ്ത്രക്രിയ വേണ്ടി വന്നതും അച്ഛന്​ കാൻസറാണെന്നറിഞ്ഞതും അഛൻ മരിച്ചതും ഈ കാലയളവിലായിരുന്നു. കേസും ചികിത്സയുമുള്ളതിനാൽ ഈ സമയത്തൊന്നും നാട്ടിൽ പോകാൻ കഴിഞ്ഞില്ല.

കാലിൻറെ കഠിനമായ വേദനയെ തുടർന്ന്​ ദുബായ് റാശിദ്​ ഹോസ്പിറ്റലിൽ ​വീണ്ടും എത്തിച്ചപ്പോൾ ഇടുപ്പ്​ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചു. ലക്ഷം ദിർഹം (20 ലക്ഷം രൂപ) ചെലവ്​ വരുന്ന ഈ ചികിത്സ നടത്താനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സാമൂഹിക പ്രവർത്തകരുടെ വാക്കിൻറെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നു. തുടർന്ന്​, സാമൂഹിക പ്രവർത്തകൻ മുബാറക് അരീക്കാടൻറെ നേതൃത്വത്തിൽ ഇദ്ദേഹത്തെ നാടിലെത്തിക്കാൻ ശ്രമം തുടങ്ങി. നിയമക്കുരുക്കുകൾ ഓരോന്നായി അഴിച്ചു. പഴയ പാസ്​പോർട്ടിന്​ പകരം പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകി. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും പാസ്പോർട്ട് ലഭിക്കാതായപ്പോഴാണ്​ നാട്ടിൽ ഭാര്യ നൽകിയ മറ്റൊരു കേസാണ്​ തടസം എന്നറിയുന്നത്​.

നാട്ടിൽ അഭിഭാഷകനെ നിയോഗിച്ച്‌​ ഈ കേസ്​ ഒഴിവാക്കാനാവശ്യമായ ശ്രമങ്ങൾ നടത്തി. കഴിഞ്ഞ ജൂൺ 25ന്​ വീണ്ടും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന്​ റാശിദ്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. രണ്ടര മാസത്തോളം സർജിക്കൽ ഐ.സിയുവിൽ വെൻറിലേറ്ററിൻറെ സഹായത്തോടെ ചികിത്സയിൽ കിടന്നു. വലത് കാലിനുണ്ടായിരുന്ന മുറിവ് അണുബാധയെ തുടർന്ന്​ വഷളാവുകയും കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റുകയും ചെയ്‌തു. വൃക്ക ഉൾപ്പെടെ ആന്തരികമായ പല അവയവങ്ങളും തകരാറിലായി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്​. റാശിദ്​ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ പ്രയത്നത്തെ തുടർന്ന്​ മനോജിൻറെ നിലമെച്ചപ്പെടുകയും ഡിസ്​ചാർജ്​ ചെയ്യാം എന്നറിയിക്കുകയും ചെയ്തു.

ചികിൽസ ചിലവ് ഇനത്തിൽ 5.35 ലക്ഷം ദിർഹമായിരുന്നു ആശുപത്രിയിൽ അടക്കേണ്ടത്​. വിസയില്ലാതെ ഇവിടെ കഴിഞ്ഞതിൻറെ പേരിൽ 1.10 ലക്ഷം ദിർഹം പിഴയും അടക്കേണ്ടിയിരുന്നു. മനോജിൻറെ ദുരവസ്ഥ വിശദീകരിച്ച്‌​ ദുബൈ സർക്കാരിന്​ നൽകിയ അപേക്ഷ പരിഗണിച്ചാണ്​ ആശുപത്രി ബില്ലും പിഴയും എഴുതിത്തള്ളി നാട്ടിലേക്കയക്കാൻ തീരുമാനമായത്​. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാതിരുന്ന മനോജിനെ നാല്​ വർഷമായി സഹായിച്ചത്​ സുഹൃത്തുകളായ പ്രവാസികളായിരുന്നു. ഹോസ്പിറ്റലിലെ കേസ് മാനേജ്മെൻറ്​ ടീമിലെ അസീസാ എന്ന ഉദ്യോഗസ്ഥയുടെ സഹായവും വിലമതിക്കാനാവാത്തതാണെന്ന്​ മുബാറക്​ അരിക്കാടൻ പറയുന്നു.

വെള്ളിയാഴ്ച​ പുലർച്ചയുള്ള വിമാനത്തിൽ മനോജ്​ നാട്ടിലെത്തും

Advertisement