റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയ മലയാളി നാലാം ദിവസം മരിച്ചു. മധ്യപ്രവിശ്യയിലെ വാദിദവാസിറിൽ കൊല്ലം ആദിനാട് സ്വദേശി അനിൽകുമാറാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടൻ വാദി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാദി ദവാസിറിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ കാർ വർക്ക്‌ഷോപ്പിൽ മെക്കാനിക്കായിരുന്നു. ഭാര്യയും എട്ട് വയസായ ഒരു മകനുമുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.