ഗൾഫിൽ തൊഴിൽ തട്ടിപ്പിന് ഇരയായി ടിവി അവതാരകയും സീരിയൽ നടിയുമായ 25കാരി

Advertisement

ദുബായ്: മലയാളിയായ യുവ സീരിയൽ നടിയെ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടു പോയി ചതിച്ചതായി റിപ്പോർട്ട്. കൊണ്ടു പോയവരുടെ തടങ്കലിലായിരുന്നു നടി. ഒടുവിൽ സന്നദ്ധ സംഘടന രക്ഷപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയെ മലയാളി സന്നദ്ധ സംഘടനയായ ‘ഓർമ’യുടെ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ച്‌ നാട്ടിലെത്തിച്ചു. അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് ദുബായൽ കൊണ്ടു വന്നത്. നാട്ടിലെ ഒരു ഏജൻസിയായിരുന്നു ഇതിന് പിന്നിൽ.

നടിയെ സന്ദർശക വീസയിൽ സെപ്റ്റംബർ രണ്ടിനാണ് ദുബായിലെത്തിച്ചത്. ചെന്നൈയിൽ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും യുഎഇയിലേക്കു വിമാനം കയറിയത്. ഇതിൽ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഇവരെ ദുബായ് ദെയ്‌റയിലെ ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ ഹോട്ടലുടമയും വീസ ഏജന്റിന്റെ കൂട്ടാളികളും നിർബന്ധിക്കുകയായിരുന്നു. മറ്റു യുവതികൾ ഈ ജോലിക്ക് തയാറായപ്പോൾ നടി തയാറായില്ല. ഇതോടെ മുറിയിൽ പൂട്ടിയിട്ടു.

ബാറിലെത്തുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഹോട്ടലിന് പുറത്തുപോകാനും നിർബന്ധിച്ചിരുന്നതായി നടി പറഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ നടിക്ക് മൊബൈൽ ഫോണും സിം കാർഡും നൽകിയിരുന്നു. ചീത്തവിളിയും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന നടി ദിവസങ്ങൾ തടങ്കലിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഓർമ സംഘടനയിലെ അംഗങ്ങളുമായി മൊബൈലിൽ ബന്ധപ്പെടാൻ അവസരം തെളിഞ്ഞു. ഓർമ പിആർ കമ്മറ്റി പ്രതിനിധികൾ വിവരമറിഞ്ഞയുടൻ തന്നെ നോർക്കയുമായി ബന്ധപ്പെടുകയും യുഎഇയിലുള്ള വൈസ് ചെയർമാൻ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിവരങ്ങൾ അറിയിക്കുകയും ചെയ്തു.

ദുബായ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു. നടിയോടൊപ്പം ചെന്നൈയിൽ നിന്ന് എത്തിയ തമിഴ് അവതാരക ഉൾപ്പെടെയുള്ള മറ്റു 7 യുവതികൾ ഇപ്പോഴും ദുബായിലെ ഹോട്ടലിൽ കഴിയുകയാണ്. ഇവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പ്രയാസമാണ് ഇതിന് കാരണമായത്. പലരും സാമ്പത്തിക ദുരിതത്തിലാണ്.

1980കളിൽ തുടങ്ങിയ വീസാജോലി തട്ടിപ്പാണ് അജ്മാൻ, ഷാർജ കേന്ദ്രീകരിച്ച്‌ ഇപ്പോഴും നടന്നുവരുന്നത്. വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ച്‌ പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണ് പണം തട്ടുന്നത്. യുഎഇ യിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതു കൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ലെന്ന് ദുബായ് അധികൃതരും പറയുന്നു.

Advertisement