തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ
ദുബായ്: തൊഴിലാളികൾക്ക് ശമ്പളം കുടിശ്ശികയിടുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടിയുമായി യുഎഇ. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും.

പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ നൽകുന്നതിനുള്ള അനുമതിയും ഇല്ലാതാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടർന്ന് 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

വേതന സുരക്ഷാ പദ്ധതി വഴി തൊഴിലാളികൾക്കു ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. തൊഴിൽ കരാറിൽ ശമ്പളം നൽകുന്നതിനു വ്യക്തമായ ദിവസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മാസത്തിലൊരിക്കൽ ശമ്പളം നൽകണമെന്നതു നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.ശമ്പളം നൽകാൻ 17 ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ വീസ നൽകുന്നത് മന്ത്രാലയം നിർത്തും. തൊഴിലുടമയെ ഇക്കാര്യം മുൻകൂട്ടി അറിയിക്കും.

കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും തൊഴിലുടമയ്‌ക്കെതിരായ നടപടി.500-ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുത്തതാകും. ഈ കമ്പനികൾക്കെതിരായ നിയമ നടപടി പ്രോസിക്യൂഷനു കൈമാറും.ഏതു തരം കമ്പനിയാണെങ്കിലും രണ്ടു മാസത്തിലധികം തൊഴിലാളികൾക്കു ശമ്പളം നൽകാതിരിക്കുന്നതു ഗുരുതര നിയമലംഘനമാണെന്നും ഭരണകൂടം വ്യക്തമാക്കി. അത്തരം കമ്പനികളുമായുള്ള വീസ സേവനങ്ങൾ തൊഴിൽ മന്ത്രാലയം നിർത്തിവയ്‌ക്കുകയും പുതിയ വീസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും.

മുന്നറിയിപ്പുകളും നടപടികളും അവഗണിച്ച്‌ നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ കമ്പനിക്ക് പിഴ ചുമത്തും. മന്ത്രാലയത്തിന്റെ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്നാം സ്ഥാനത്താവുകയും ചെയ്യും. തുടർച്ചയായ മൂന്ന് മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തുന്നതെങ്കിൽ ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.