അബുദാബി ∙ യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഈ രാജ്യങ്ങളിൽ നിയന്ത്രണമുള്ള ഡേറ്റിങ്ങ്, ചൂതാട്ട, അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് വലിയൊരു വിഭാഗം വിപിഎൻ ഉപയോഗിക്കുന്നത്.

എന്നാൽ, വിപിഎൻ ദുരുപയോഗം ചെയ്താൽ യുഎഇയിൽ ശക്തമായ ശിക്ഷയുമുണ്ട്. വിപിഎൻ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സർക്കാർ നിരോധിച്ച ഓഡിയോ–വിഡിയോ ആപ്പുകൾ, ഡേറ്റിങ്ങ് വെബ്സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കുന്നത് നിയമവിരുദ്ധമാണ്. യുഎഇ സൈബർ നിയമം ആർട്ടിക്കിൾ 10 പ്രകാരം വിപിഎൻ ദുരുപയോഗം ചെയ്താൽ ജയിൽ ശിക്ഷയും 500,000 ദിർഹം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും.

ഗൾഫിൽ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ സമയത്തേക്കാൾ 30 ശതമാനം വർധനവുണ്ടായെന്ന് നോർഡ് സെക്യൂരിറ്റി ഡാറ്റ പറയുന്നു. യുഎഇയിൽ 36 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. നിരോധിത വെബ്സൈറ്റുകൾ ഉപയോഗിക്കാനാണ് കൂടുതൽ പേരും വിപിഎൻ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളിൽ നല്ലൊരു ശതമാനം പേരും വാട്സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയ ജനപ്രിയ ഓഡിയോ–വിഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎന്നിന്റെ സഹായം തേടുന്നുണ്ട്. ഇതുകൂടാതെ, ചിലർ ഡേറ്റിങ്ങ് വെബ്സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കാനും ലഹരി ഇടപാടുകൾക്കും വിഒഐപി വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നുവെന്ന് നോർഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

സർക്കാറും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ)യും നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവരുദ്ധമല്ല. കമ്പനികൾ, വിവിധ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്ക് ആഭ്യന്തര ആവശ്യങ്ങൾക്ക് വിപിഎൻ ഉപയോഗിക്കാമെന്ന് ടിഡിആർഎ 2016 ഓഗസ്റ്റ് ഒന്നിന് വ്യക്തമാക്കിയിരുന്നുവെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here