സൗദിയില്‍ ജോലിക്കെത്തി വിഷമസ്ഥിതിയിലായ കൊല്ലം സ്വദേശിനിയെ നാട്ടിലേക്ക് അയച്ചു

ബുറൈദ​: സൗദിയിലെ അൽഖസീം പ്രവിശ്യയിൽ ആറ് മാസം മുമ്പ് വീട്ടുജോലിക്കായി വന്ന് രോഗാവസ്ഥയിലും വിഷമത്തിലുമായ മലയാളി യുവതിയെ സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. കൊല്ലം നിലമേൽ സ്വദേശി സുജീന ബീവി (42)യാണ് ഖസീമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ‘ഗൾഫ് എയർ’ വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങിയത്.


റിയാദിലെ കരാർ കമ്പനിയുടെ വിസയിലാണ് സുജീന ആദ്യമായി സൗദിയിലെത്തിയത്. രണ്ട് മാസത്തിനുശേഷം കമ്പനി ഇവരെ ഉനൈസയിലെ സ്വദേശിക്ക് കൈമാറി. വീട്ടുടമയുടെ ഉമ്മയെയും സുഖമില്ലാത്ത സഹോദരിയെയും പരിചരിക്കുന്ന ജോലിയായിരുന്നു ഇവർക്ക്. എന്നാൽ ഏറെ വൈകാതെ അജ്ഞാതമായ അസുഖം ബാധിച്ച ഇവർക്ക് ജോലി ചെയ്യാൻ വയ്യാതായി. ഭക്ഷണം കഴിക്കാനാകാതെയും ഉറക്കം ലഭിക്കാതെയും വന്നതോടെ ശരീരഭാരം വല്ലാതെ കുറഞ്ഞു. തൊഴിലുടമ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രോഗം നിർണയിക്കാനായില്ല.


വിവരമറിഞ്ഞ ഭർത്താവ് ഷാജഹാൻ ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും റിയാദ് ഇന്ത്യൻ എംബസി അധികൃതർക്കും നിവേദനം നൽകിയിരുന്നു.
സ്​പോൺസറെ ബന്ധപ്പെട്ടപ്പോൾ വീട്ടുവേലക്കാരിയെ ലഭിച്ചത് ഏറെ പ്രയത്നിച്ചിട്ടാണെന്നും വലിയൊരു തുക ചെലവ് വന്നിട്ടുണ്ടെന്നും ആ തുക ലഭിക്കാതെ സുജീനായെ മടക്കി അയക്കാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.

തുടർന്ന് സാമൂഹിക പ്രവർത്തകര്‍ ഇന്ത്യൻ എംബസി അധികൃതരെയും സ്വദേശി സ്പോണ്‍സറെയും കണ്ട് ചര്‍ച്ച നടത്തിയാണ് ഇവര്‍ വഴങ്ങിയത്. തിരുവനന്തപുരത്തേക്കുള്ള എയർടിക്കറ്റ് നൽകാനും വീട്ടുടമ തയാറായി.പൊതുപ്രവര്‍ത്തകരായ സക്കീര്‍ പത്തറ, ഷിഹാബ് കൊട്ടുകാട് എന്നിവരാണ് വിദേശത്ത് ഇവര്‍ക്ക് നീതിലഭിക്കാനായി ഇടപെട്ടത്.

Advertisement