സമാധാനത്തിന് സമയമായിട്ടില്ല : പലസ്തീൻ ജനതയോട് ജോ ബൈഡൻ, പരസ്യമായി പ്രതികരിച്ച് പലസ്തീൻ ജനത

വെസ്റ്റ്ബാങ്ക്: സമാധാനത്തിന് സമയമായിട്ടില്ലെന്ന് പലസ്തീൻ ജനതയോട് അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. വെസ്റ്റ് ബാങ്ക് സന്ദർശത്തിനിടെയായിരുന്നു ബൈഡന്റെ വിചിത്ര പ്രഖ്യാപനം .

അധിനിവേശത്തിൽ നട്ടം തിരിഞ്ഞ പലസ്തീൻ ജനത വലിയ പ്രതീക്ഷകളായിരുന്നു സന്ദർശനത്തിൽ അർപ്പിച്ചിരുന്നത്.

അതേസമയം, വിവാദ പരാമർശത്തിൽ ബൈഡനെതിരെ പരസ്യമായി പ്രതിഷേധിച്ച്‌ പലസ്തീൻ ജനത. അധിനിവേശത്തിനും കടന്നാക്രമണത്തിനും മുന്നിൽ അടിപതറിയ പലസ്തീൻ ജനതക്ക് മുന്നിൽ പരിഹാസ്യ പാത്രമാകാനായിരുന്നു ജോ ബൈഡന്റെ വെസ്‌റ്റ്‌ ബാങ്ക് സന്ദർശനം. അടിക്കടി ഉണ്ടാകുന്ന ഇസ്രയേൽ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനം വലിയ പ്രതീക്ഷകളായിരുന്നു ജോ ബൈഡനിൽ അർപ്പിച്ചത് .

പലസ്തിനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യുഎസ് ശ്രമിക്കും എന്നാൽ അതിനിപ്പോൾ സമയമായിട്ടില്ല എന്നായിരുന്നു ബൈഡന്റെ വിചിത്ര പ്രഖ്യാപനം. സമാധാനം നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കും, ഇരുരാഷ്ട്ര വാദം അംഗീകരിക്കുന്നു തുടങ്ങിയ വാചക കസർത്ത് നടത്താനും ബൈഡൻ മറന്നില്ല . പലസ്തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസുമായുള്ള ചർച്ചയ്ക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് ബൈഡൻ പലസ്തീൻ വിഷയത്തിൽ അമേരിക്കയുടെ ഇസ്രയേൽ പക്ഷപാതിത്വം വ്യക്തമാക്കുന്ന പ്രഖ്യാപനം നടത്തിയത് .

മാത്രമല്ല , മേഖലയിൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അടച്ചുപൂട്ടിയ കിഴക്കൻ ജറുസലേമിലെ യുഎസ്‌ കോൺസുലേറ്റ്‌ പുനരാരംഭിക്കുമെന്ന മുൻ പ്രഖ്യാപനവും ബൈഡൻ പരാമർശിച്ചില്ല.

മേയിൽ വെസ്‌റ്റ്‌ ബാങ്കിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്‌ലേക്ക്‌ നീതി ലഭ്യമാക്കുന്ന കാര്യത്തിലും ബൈഡൻ നിശബ്ദനായിരുന്നു.ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി പലസ്തീനായി പുതിയ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും പലസ്തീൻ ജനതക്കു മുന്നിൽ വിലപ്പോയില്ലെന്ന് വേണം മനസ്സിലാക്കാൻ . അതേ സമയം ബൈഡന്റെ പരാമർശങ്ങൾക്കെതിരെ പലസ്തീൻ ജനത പരസ്യമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisement