ജനീവ: കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന. ലോകമെമ്ബാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെത്തൽ.

കോവി‍‍‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോ​ഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ​ഗെബ്രീഷ്യസ് പറഞ്ഞു.

കോവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരം​ഗത്തിന്റെ വ്യാപനത്തിൽ‌ നിന്ന് വ്യക്തമാകുന്നതെന്നും പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വീകരിച്ച്‌ ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ച പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഒമികോൺ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയാണ് നിലവിലെ കോവി‍ഡ് വ്യാപനത്തിന് പിന്നിലെന്ന് ലോകാരോ​ഗ്യസംഘടനയുടെ ആരോ​ഗ്യ അടിയന്തിരാവസ്ഥ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാൻ പറഞ്ഞു. ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.