ന്യൂഡൽഹി: സൈബർലോകത്ത് വർധിച്ചുവരുന്ന ബാല ലൈംഗിക ചൂഷണങ്ങൾ തടയാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അന്തർദേശീയ അന്വേഷണ ഏജൻസിയായ ഇന്റർപോളുമായി സഹകരിക്കുന്നു.

ഓൺലൈനിലൂടെ നടക്കുന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട് ഇന്റർപോൾ സമാഹരിച്ച ‘അന്താരാഷ്ട്ര ബാല ലൈംഗിക ചൂഷണ വിവരശേഖരം’ (ഐ.സി.എസ്.ഇ) ഇനിമുതൽ സി.ബി.ഐക്കും ലഭ്യമാകും.

ഡേറ്റാബേസിലെ ശബ്ദ-ദൃശ്യ വിവരങ്ങൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച്‌ വിശകലനം ചെയ്യാനും തിരച്ചിൽ നടത്താനും സി.ബി.ഐക്ക് സാധ്യമാകും.

ഇതിലൂടെ രാജ്യത്തെ ചൂഷകർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

വിഡിയോ, ഫോട്ടോ തുടങ്ങിയവ താരതമ്യം ചെയ്താണ് ബാല ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഈ വിഷയത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങളും പരസ്പരം കൈമാറും.

ഇന്റർപോളിൽ അംഗങ്ങളായ 295 രാജ്യങ്ങളിൽ ഐ.സി.എസ്.ഇ ഡേറ്റാബേസ് ലഭ്യമാകുന്ന 68ാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്റർപോൾ സോഫ്റ്റ്വെയർ ഉപയോഗിച്ച്‌ ആഗോളതലത്തിൽ ദിവസം ശരാശരി ഏഴു ഇരകളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്.