വാഷിങ്ടൺ: ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനി ആദ്യ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച്‌ അമേരിക്കൻ പ്രസിഡണ്ട് ജോ ബെയ്ഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസും.

നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ഇഎസ്‌എ) കനേഡിയൻ ബഹിരാകാശ ഏജൻസിയും (സിഎസ്‌എ) നാളെ ദൂരദർശിനിയിൽ നിന്ന് ലഭിച്ച മുഴുവൻ ചിത്രങ്ങളും സ്പെക്‌ട്രോസ്കോപ്പിക് ഡാറ്റയും പുറത്തുവിടും. ആയിരക്കണക്കിന് താരാപഥങ്ങൾ ചിത്രത്തിൽ കാണാൻ സാധിക്കും. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ദുർബലമായ വസ്തുക്കളും ചിത്രലുള്ളതായി നാസ അറിയിച്ചു.

“ഇന്ന് ഒരു ചരിത്ര ദിനമാണ്… ഇത് അമേരിക്കയ്ക്കും എല്ലാ മനുഷ്യരാശിക്കും ചരിത്ര നിമിഷമം.” ചിത്രം പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഇത് നമുക്കെല്ലാവർക്കും വളരെ ആവേശകരമായ നിമിഷമാണ്. ഇന്ന് പ്രപഞ്ചത്തിന് ഒരു പുതിയ അധ്യായമാണ്,” കമല ഹാരിസും പറഞ്ഞു.

“ഞങ്ങൾ 1300 കോടി വർഷത്തിലേറെ പിന്നോട്ട് നോക്കുകയാണ്. ഈ ചെറിയ പാടുകളിൽ ഒന്നിൽ നിങ്ങൾ കാണുന്ന പ്രകാശം 1300 കോടി വർഷങ്ങളായി സഞ്ചരിക്കുന്നതാണ്.” ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തിറക്കിയ ശേഷം നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഈ ആദ്യ ചിത്രങ്ങൾ വെബ്ബ് ശാസ്ത്ര പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നതാണെന്ന് ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.

“ഈ ആദ്യ ചിത്രങ്ങളുടെ പ്രകാശനം വെബ്ബിന്റെ ശാസ്ത്ര പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നു, അത് മിഷന്റെ പ്രധാന ശാസ്ത്ര വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരും,” ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു. 1000 കോടി വിലമതിക്കുന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്.

ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക് ശേഷമാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ജെയിംസ് വെബ്ബിന്റെ ആദ്യത്തെ അഞ്ച് ലക്ഷ്യങ്ങൾ വെള്ളിയാഴ്ച നാസ വെളിപ്പെടുത്തി. കരീന നെബുല, WASP-96b, സതേൺ റിംഗ് നെബുല, സ്റ്റീഫൻസ് ക്വിന്റ്റെറ്റ്, SMACS 0723 എന്നിവയുടെ നിരീക്ഷണമാണ് ആദ്യ ലക്ഷ്യങ്ങൾ. നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി, കനേഡിയൻ ബഹിരാകാശ ഏജൻസി, ബഹിരാകാശ ദൂരദർശിനി ശാസ്ത്രം എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സമിതിയാണ് ഈ ലക്ഷ്യങ്ങൾ തെരഞ്ഞെടുത്തത്. 20 വർഷത്തേക്ക് പ്രവർത്തിക്കാൻ ആവശ്യമായ അധിക ഇന്ധന ശേഷിയുണ്ടെന്ന് നാസ പറഞ്ഞു.