ഹജ്ജ് കര്‍മങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായില്‍ നിന്നും തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീര്‍ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം.. മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീര്‍ഥാടകര്‍ക്കും മശായിര്‍ മെട്രോ സൌകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ തീര്‍ഥാടകര്‍ അറഫയില്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ട് അറഫയിലെ നമീറാ പള്ളിയില്‍ നടക്കുന്ന ഖുതുബയില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സംബന്ധിക്കും. ചരിത്രപ്രസിദ്ധമായ ജബല്‍ റഹ്മാ മല തീര്‍ഥാടകര്‍ സന്ദര്‍ശിക്കും. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്നും ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായില്‍ തിരിച്ചെത്തി ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും.