നായകളുടെ പിതാമഹന്‍മാര്‍ ചെന്നായകളാണെന്ന് പഠനം


ന്യൂയോര്‍ക്ക്: നായകള്‍ ചെന്നായകളില്‍ നിന്ന് രൂപാന്തരം പ്രാപിച്ചതാണെന്ന് രാജ്യാന്തര ശാസ്ത്രജ്ഞന്‍മാരുടെ സംഘടനയായ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്. ആദിമ ചെന്നായകളുടെ രണ്ട് തലമുറയ്ക്ക് അപ്പുറത്തേക്ക് ഇവയുടെ പാരമ്പര്യം നീണ്ടു നില്‍ക്കുന്നു.

ചാര ചെന്നായകളില്‍ നിന്നാണ് നായകള്‍ രൂപാന്തരം പ്രാപിച്ചത്. മഞ്ഞ് കാലഘട്ടം മുതലാണ് ഇവയുടെ കാലഘട്ടം തുടങ്ങുന്നത്. അതായത് 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്. എവിടെ വച്ചാണ് ആദ്യ നായ രൂപാന്തരപ്പെട്ടതെന്നറിയാന്‍ ജനിതക പരിശോധന നടത്തി. യൂറോപ്പ്, സൈബീരിയ, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളില്‍ ഒരുലക്ഷം വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന ചെന്നായകളുടെ ജീന്‍ സാമ്പിളുകളുള്ള 72 എണ്ണം ഗവേഷകര്‍ പഠന വിധേയമാക്കി.

പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ പതിനാറ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ചെന്നായകളുടെ അവശിഷ്ടമാണ് പഠന വിധേയമാക്കിയത്. 32,000 വര്‍ഷം മുമ്പ് സൈബീരിയയില്‍ ജീവിച്ചിരുന്ന ചെന്നായയുടെ ഒരു മുഴുവന്‍ തലയടക്കമുള്ളവ പഠനത്തിനുപയോഗിച്ചു. ഒന്‍പത് വ്യത്യസ്ത ഡിഎന്‍എ ലാബുകളില്‍ നിന്നുള്ള സാമ്പിളുകള്‍ കൂടി ഉപയോഗിച്ച് ഡിഎന്‍എ ശൃംഖല വിവരങ്ങള്‍ തയാറാക്കി.

യൂറോപ്പിലെ പുരാതന ചെന്നായകളെക്കാള്‍ ആധുനിക നായകള്‍ക്ക് ഏഷ്യയിലെ പൗരാണിക നായകളുമായി ഏറെ ജനിതക സാമ്യം ഉണ്ടെന്ന് കണ്ടെത്തി. വടക്കുകിഴക്കന്‍ യൂറോപ്പ്, സൈബീരിയ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ജനിതക സാമ്പിളുകള്‍ക്ക് കിഴക്കന്‍ മേഖലകളിലേതുമായി മാത്രമാണ് സാമ്യമെന്നും ഗവേഷകര്‍ കണ്ടെത്തി. അതേസമയം പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ് തുടങ്ങിയ മേഖലകളിലേത് പശ്ചിമേഷ്യയുമായി മാത്രമാണ് ബന്ധമുള്ളതെന്നും വ്യക്തമായി.

Advertisement