ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകളിലെ സന്ദര്‍ശനം സംബന്ധിച്ച ലൊക്കേഷന്‍ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കളുടെ ലൊക്കേഷന്‍ ചരിത്രം നീക്കം ചെയ്യുമന്ന് ഗൂഗിള്‍. സ്വകാര്യത ആവശ്യമുള്ള ഗാര്‍ഹിക അതിക്രമ ഷെല്‍ട്ടറുകളടക്കമുള്ള മറ്റിടങ്ങളുടെയും ലൊക്കേഷന്‍ ചരിത്രം സൂക്ഷിക്കില്ല.

നിങ്ങളുടെ ലൊക്കേഷന്‍ ചരിത്രം നോക്കി മറ്റൊരാള്‍ക്ക് നിങ്ങള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി മനസിലാക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് തങ്ങള്‍ നീക്കം ചെയ്യുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുള്ളത്. വരും ആഴ്ചകളില്‍ തന്നെ ഈ മാറ്റം നിലവില്‍ വരുമെന്നും ഗൂഗിള്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്‌സ് പാട്രിക് അറിയിച്ചു.

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍, ലഹരി മുക്ത കേന്ദ്രങ്ങള്‍, ഭാരം കുറയ്ക്കല്‍ ക്ലിനിക്കുകള്‍ എന്നിവ സന്ദര്‍ശിച്ച വിവരങ്ങളും നീക്കം ചെയ്യും. ഗര്‍ഭച്ഛിദ്ര അവകാശം അമേരിക്കന്‍ സുപ്രീം കോടതി നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. സുപ്രീം കോടതി നടപടിക്ക് തൊട്ടുപിന്നാലെ നിരവധി സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുകയും ചെയ്തു.

Advertisement