അരനൂറ്റാണ്ട് സഹിച്ച വേദനയില്‍നിന്നും കിംഫുക്ക് എന്ന നാപാം പെണ്‍കുട്ടിക്ക് മോചനമാകുമോ, അമേരിക്കന്‍ സൈന്യം തന്റെ ഗ്രാമത്തില്‍ ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒന്‍പതു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടുന്ന ചിത്രം അന്ന് ലോകത്തെതന്നെ ചിന്തിപ്പിച്ചു.

നഗ്‌നയായി, ദേഹമാകെ പൊള്ളലേറ്റ്, ഭയത്താല്‍ വിറയ്ക്കുന്ന അവളുടെ ചിത്രം ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കി. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ വിളിച്ചറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്കയെയും ലോകത്തെയും ചിന്തിപ്പിക്കുകയും ചെയ്തു ഈ ചിത്രം. ‘നാപാം പെണ്‍കുട്ടി’ എന്നറിയപ്പെടുന്ന അവരുടെ യഥാര്‍ഥ പേര് ഫാന്‍ തി കിം ഫുക്ക് എന്നാണ്.

യുദ്ധത്തില്‍ മനസ്സിനും ശരീരത്തിനും പരിക്കേറ്റ കിം ഫുക്ക്, 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോംബ് ആക്രമണത്തിന്റെ പൊള്ളലിന് ചികിത്സ പൂര്‍ത്തിയാക്കിയത്. 59-ാം വയസിലാണ് കിം ഫുക്ക് അവസാനമായി ത്വക്ക് ശസ്ത്രക്രിയയ്ക്ക് വിധേയയയായത്. 1972-ല്‍ കിം ഫുക്കിന് യുദ്ധത്തിനിടെ പൊള്ളലേറ്റു. ഒരു വര്‍ഷത്തെ ആശുപത്രി വാസത്തിനും 17 ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് കിമ്മിനെ ആശുപത്രി വിടുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ അവള്‍ക്ക് നിരവധി ചികിത്സകള്‍ക്ക് വിധേയയാകേണ്ടിവന്നു. ഒന്‍പതാം വയസ്സില്‍ ഗുരുതരമായി പൊള്ളലേറ്റ അവര്‍ ഇതിനകം നിരവധി ചികിത്സകള്‍ക്ക് വിധേയയായിരുന്നു.