അമേരിക്കൻ വ്യവസായി എപ്സ്റ്റീന് പെൺകുട്ടികളെ എത്തിച്ചു നൽകിയ ഗിസ്ലെയ്ൻ മാക്സ്വെല്ലിന് 20 വർഷം തടവ്

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമാദമായ പെൺവാണിഭക്കേസിലെ ഇടനിലക്കാരിയായ ബ്രിട്ടനിലെ മുൻ ഫാഷൻ ഡിസൈനർ ഗിസ്ലെയ്ൻ മാക്സ്വെല്ലിന് 20 വർഷം തടവ്.

എപ്സ്റ്റീന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നൽകിയ കേസിലെ ഇടനിലക്കാരിയായിരുന്നു ഗിസ്ലെയ്ൻ. മാൻഹാട്ടൻ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 60 വയസുള്ള ഗിസ്ലെയ്ൻ ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലിൽ കഴിയേണ്ടി വരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു, പെൺകുട്ടികളെ ലൈംഗിക ലക്ഷ്യത്തോടെ കടത്തി തുടങ്ങിയ കുറ്റങ്ങളാണ് മാക്‌സ്‌വെല്ലിനെതിരെ ചുമത്തിയത്.

എൺപതോളം കുട്ടികളെയാണ് ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കിയത്. ലൈംഗിക അടിമകളാക്കുന്ന കുട്ടികളെ എപ്സ്റ്റീൻ മറ്റു പ്രമുഖർക്ക് കൈമാറിയിരുന്നു. ബ്രിട്ടനിലെ പത്രവ്യവസായിയുടെ ഇളയ മകളായ ഗിസ്ലെയ്ൻ മാക്സ്‌വെൽ വ്യവസായം തകർന്നതിനെ തുടർന്ന് അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് ജെഫ്രിയെ കണ്ടുമുട്ടുകയുമായിരുന്നു.

എപ്സ്റ്റീന്റെ ന്യൂയോർക്കിലെയും ഫ്ലോറിഡയിലെയും ആഡംബര വസതികളിലേക്കാണ് ഗിസ്ലെയ്ൻ ഡസൻ കണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയത്. പെൺകുട്ടികളെ എപ്സ്റ്റീൻ വർഷങ്ങളോളം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ​ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ വഴിയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. കേസിൽ ഗിസ്ലെയ്ന് 35 വർഷം തടവുശിക്ഷ നൽകണമെനാണ് പ്രോസിക്യൂട്ടർമാർ വാദിച്ചിരുന്നത്.

2021ൽ നടന്ന വിചാരണയിൽ പെൺവാണിഭക്കേസിൽ ഇവർ മുഖ്യഇടനിലക്കാരിയെന്ന് തെളിയിക്കാനും പ്രോസിക്യൂട്ടർമാർക്ക് സാധിച്ചിരുന്നു. 14 വയസുള്ളപ്പോൾ മുതൽ എപ്സ്റ്റീൻ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കേസിലെ രണ്ടു സാക്ഷികൾ മൊഴി നൽകുകയും ചെയ്തു. കേസിൽ വിചാരണ കാത്തുകഴിഞ്ഞ എപ്സ്റ്റീൻ 2019ൽ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺവാണിഭക്കേസിൽ എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് പിന്നീട് യു.എസ് കോടതി കണ്ടെത്തിയിരുന്നു.

Advertisement